അഫ്ഗാൻ– പാക് അതിർത്തിയിൽ രൂക്ഷമായ ഏറ്റുമുട്ടൽ; ഏഴ് പ്രവിശ്യകളിലായി കനത്ത ആക്രമണം

അഫ്ഗാൻ– പാക് അതിർത്തിയിൽ രൂക്ഷമായ ഏറ്റുമുട്ടൽ നടന്നു. ഏഴ് പ്രവിശ്യകളിലായി കനത്ത ആക്രമണങ്ങളാണ് നടന്നത്. പാക് സൈനിക പോസ്റ്റുകളെ ലക്ഷ്യമിട്ട് താലിബാൻ ആക്രമണമാരംഭിച്ചതായാണ് റിപ്പോർട്ടുകൾ. പാകിസ്താൻ തങ്ങളുടെ മണ്ണിൽ വ്യോമാക്രമണം നടത്തിയെന്ന ആരോപണത്തിന്മേലാണ് താലിബാൻ തിരിച്ചടിയെന്ന് വ്യക്തമാക്കുന്നു.
രാത്രിയിലുണ്ടായ ഓപ്പറേഷനുകളിൽ നിരവധി പാക് ഔട്ട്പോസ്റ്റുകൾ പിടിച്ചെടുത്തതായി താലിബാൻ അവകാശപ്പെട്ടു. ഡ്യൂറണ്ട് ലൈനിന് സമീപമുള്ള രണ്ട് പാക് ഔട്ട്പോസ്റ്റുകൾ നശിപ്പിച്ചതായും പ്രാദേശിക ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
അതിർത്തി മേഖലയിൽ പല ഭാഗങ്ങളിലും ഏറ്റുമുട്ടലുകൾ നടന്നതായി പാക് സുരക്ഷാ ഏജൻസികൾ അറിയിച്ചു. “താലിബാൻ സേന അതിർത്തിയിലെ നിരവധി പോയിന്റുകളിൽ വെടിയുതിർക്കൽ ആരംഭിച്ചു. അതിർത്തിയിലെ നാല് ഭാഗങ്ങളിൽ ഞങ്ങൾ തിരിച്ചടിച്ചു. പാക് പ്രദേശത്തേക്ക് ഒരു ആക്രമണവും അനുവദിക്കില്ല. പാക് സൈന്യം കനത്ത വെടിവെയ്പ് നടത്തി തിരിച്ചടിച്ചു,” എന്ന് ഒരു പാക് സർക്കാർ ഉദ്യോഗസ്ഥൻ ദ ഗാർഡിയൻ പത്രത്തോട് പ്രതികരിച്ചു.
ഇതിനിടെ, വ്യാഴാഴ്ച അഫ്ഗാൻ തലസ്ഥാനമായ കാബൂളിലും തെക്കുകിഴക്കൻ അഫ്ഗാനിലുമുള്ള വിവിധ പ്രദേശങ്ങളിലും സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Tag: Fierce clashes on the Afghan-Pak border; Heavy attacks in seven provinces