keralaKerala NewsLatest News

ഡിവൈഎസ്പി മധു ബാബുവിനെതിരെ വീണ്ടും പരാതി നൽകി സിനിമാ നിർമ്മാതാവ് ഷീല കുര്യൻ

ഡിവൈഎസ്പി മധു ബാബുവിനെതിരെ വീണ്ടും പരാതി നൽകി സിനിമാ നിർമ്മാതാവ് ഷീല കുര്യൻ. മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും പരാതി നൽകി, മധു ബാബു സ്ത്രീത്വത്തെ അപമാനിക്കുകയും, സാമ്പത്തിക താൽപര്യങ്ങൾക്ക് വിധേയനായി പ്രവർത്തിക്കുകയും ചെയ്തതായി ആരോപിക്കുന്നു. പ്രലോഭനങ്ങൾക്ക് വഴങ്ങി പ്രതികളുടെ ഭാഗത്ത് നിന്നുവെന്നും അദ്ദേഹത്തിന്റെ ഫോൺ റെക്കോർഡുകൾ പരിശോധിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.

മുമ്പും മധു ബാബുവിനെതിരെ പരാതി നൽകിയിരുന്നുവെന്ന് ഷീല കത്തിൽ പറയുന്നു. അന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ആരോപണങ്ങൾ ഉന്നയിച്ചത്. പരാതി നൽകാനെത്തിയപ്പോൾ തന്നെ മോശമായി പെരുമാറുകയും, സ്റ്റേഷനിൽ വിളിച്ചുവരുത്തി പ്രതികളുടെ മുന്നിൽ അപമാനിക്കുകയും ചെയ്തുവെന്നും ഷീല കുര്യൻ ആരോപിച്ചു.

“മധു ബാബു പൊലീസ് സേനയിലെ വില്ലൻ, യഥാർത്ഥ ജീവിതത്തിലെ ജോർജ് സർ ആണ്. സാമ്പത്തിക തട്ടിപ്പ് കേസിൽ തന്നെ ചതിച്ചവരെ രക്ഷിക്കാനായി അദ്ദേഹം പ്രവർത്തിച്ചു. ഓഫീസിൽ വെച്ച് തന്നെ അപമാനിച്ചു,” എന്നും ഷീല പറഞ്ഞു.

മാനസിക വിഷമം പ്രകടിപ്പിച്ചിട്ടും അപമാനം തുടർന്നുവെന്നും, പ്രതികളെ രാജ്യം വിടാൻ സഹായിച്ചെന്നും കത്തിൽ പറയുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഭവം നടന്നത്. “പോലീസ് വകുപ്പിലെ ഏറ്റവും വലിയ ക്രിമിനൽ മധു ബാബുവാണ്. എന്തും നേരിടാൻ തയ്യാറാണ്. എന്റെ പിന്നിൽ ആരുമില്ല, ഞാൻ പറഞ്ഞത് ഞാൻ അനുഭവിച്ച സത്യങ്ങളാണ്,” എന്നും ഷീല കുര്യൻ കൂട്ടിച്ചേർത്തു.

Tag: Film producer Sheela Kurian files another complaint against DySP Madhu Babu

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button