സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ നടത്തിപ്പ് അന്തിമതീരുമാനം ചൊവ്വാഴ്ച
ന്യൂഡെൽഹി: മാറ്റിവച്ച സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തണമോ എന്നത് സംബന്ധിച്ച് ചൊവ്വാഴ്ചയോടെ അന്തിമ തീരുമാനം ഉണ്ടാകും. കൊറോണ രോഗികളുടെ പ്രതിദിന സംഖ്യ കുറഞ്ഞെങ്കിലും വ്യാപന സാധ്യതയുണ്ടെന്നതാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സൂചന. അതു കൊണ്ട് കേന്ദ്രസർക്കാർതല യോഗത്തിന് ശേഷം സംസ്ഥാനങ്ങളുടെ നിലപാട് അറിഞ്ഞ് അന്തിമതീരുമാനം എടുക്കാനാണ് കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നത്.
സംസ്ഥാനങ്ങളുടെ നിലപാട് എഴുതിയറിയിക്കാൻ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഒഴിവാക്കുന്നതും പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ 9, 10, 11 ക്ലാസുകളിലെ മാർക്ക് പരിഗണിച്ച് ഇന്റേണൽ മാർക്ക് നൽകുന്ന കാര്യമാണ് ആലോചനയിലുള്ളത്.
19 വിഷയങ്ങളിൽ ഓഗസ്റ്റിൽ പരീക്ഷ നടത്തുന്നത് സംബന്ധിച്ച് ഒരു നിർദേശം സിബിഎസ്ഇയും കേന്ദ്രസർക്കാരും മുന്നോട്ട് വച്ചിരുന്നു. പരീക്ഷയുടെ സമയദൈർഘ്യം കുറയ്ക്കുന്നതാണ് മറ്റൊരു നിർദേശം. മൂന്നു മണിക്കൂറിനു പകരം ഒന്നര മണിക്കൂർ അവരവരുടെ സ്‌കൂളുകളിൽ തന്നെ പരീക്ഷയെഴുതുന്ന രീതിയിലാണ് ഈ ക്രമീകരണം. ഈ നിർദേശങ്ങളും ഇപ്പോൾ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പരിഗണനയിലാണ്.