ഒടുവില്‍ ഒമിക്രോണ്‍ ഇന്ത്യയിലും
ന്യൂഡല്‍ഹി: ഒടുവില്‍ ഇന്ത്യയിലും ഒമിക്രോണ്‍ വൈറസ് ബാധ സ്ഥിരീകരിച്ചു. കര്‍ണാടകയില്‍ നിന്നുള്ള രണ്ട് പേരിലാണ് വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. കേന്ദ്ര ആരോഗ്യസെക്രട്ടറി ലവ് അഗര്‍വാളാണ് രാജ്യത്ത് ഒമിക്രോണ്‍ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ച കാര്യം ഔദ്യോഗികമായി അറിയിച്ചത്. 66ഉം 46ഉം വയസുള്ള രണ്ട് പുരുഷന്‍മാരിലാണ് രോഗം സ്ഥിരീകരിച്ചത്.
രോഗബാധിതരായ രണ്ട് പേരും ദക്ഷിണാഫ്രിക്കന്‍ സ്വദേശികളാണ്. ബിസിനസ് ആവശ്യങ്ങള്‍ക്കായാണ് ഇരുവരും ഇന്ത്യയില്‍ എത്തിയത് എന്നാണ് വിവരം. ഇവരുമായി സമ്പര്‍ക്കത്തില്‍ വന്ന എല്ലാവരേയും ഇതിനോടകം നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്ന് ആരോഗ്യസെക്രട്ടറി അറിയിച്ചു. നിരീക്ഷണത്തിലുള്ള അഞ്ച് പേരുടെ പരിശോധന ഫലം നിലവില്‍ നെഗറ്റീവാണെന്നും പത്ത് പേരുടെ പരിശോധനഫലം കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. രോഗബാധിതരുടെ ആരോഗ്യനില തൃപ്തികരമാണെന്നും നിലവില്‍ പരിഭ്രാന്തിപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഒമിക്രോണുമായി ബന്ധപ്പെട്ട് രാജ്യത്ത് നീരീക്ഷണം ശക്തമാക്കിയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. 29 രാജ്യങ്ങളിലായി 373 ഒമിക്രോണ്‍ കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതിട്ടുള്ളത്. ഒമിക്രോണ്‍ വൈറസ് ബാധ സ്ഥിരീകരിക്കുന്ന മുപ്പതാമത്തെ രാജ്യമാണ് ഇന്ത്യ. ഈ മാസം 20നാണ് ദക്ഷിണാഫ്രിക്കന്‍ സ്വദേശിയായ 66കാരന്‍ ബംഗളൂരുവിലെത്തിയത്.
ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു ദക്ഷിണാഫ്രിക്കന്‍ സ്വദേശിക്കും കൊവിഡ് സ്ഥിരീകരിച്ചെങ്കിലും ഡെല്‍റ്റ വൈറസ് അല്ല ബാധിച്ചതെന്ന് വ്യക്തമായിരുന്നു. ഇതുവരെ ഇന്ത്യയില്‍ കാണാത്ത തരം കൊവിഡ് വൈറസാണ് ഇയാളില്‍ കണ്ടെതെന്നും പരിശോധന ഫലം എന്തെന്ന് ഡല്‍ഹിയില്‍ നിന്ന് പ്രഖ്യാപിക്കുമെന്നും കര്‍ണാടക ആരോഗ്യമന്ത്രി സുധാകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വൈറസ് ബാധ നേരത്തെ തന്നെ സംശയിച്ചിരുന്നതിനാല്‍ വിദേശത്ത് നിന്ന് കര്‍ണാടകയില്‍ എത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധനയും ക്വാറന്റീനും നിര്‍ബന്ധമാക്കിയിരുന്നു.