ഒടുവില്‍ എലിസബത്ത് രാജ്ഞിയും വടികുത്തി
ലണ്ടന്‍: അവസാനം നടക്കാന്‍ വടിയുടെ സഹായം തേടി എലിസബത്ത് രാജ്ഞി. വെസ്റ്റ്മിനിസ്റ്റര്‍ ആബിയില്‍ നടന്ന റോയല്‍ ബ്രിട്ടീഷ് ലെജിയോണിന്റെ നൂറാം വര്‍ഷം സൂചിപ്പിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു രാജ്ഞി വാക്കിംഗ് സ്റ്റിക്കിന്റെ സഹായത്തോടെ നടന്നത്.
സാധാരണയായി രാജ്ഞി വാക്കിംഗ് സ്റ്റിക് ഉപയോഗിക്കാറുണ്ടായിരുന്നില്ല. കാല്‍ മുട്ടില്‍ ശസ്ത്രക്രിയ കഴിഞ്ഞ 2003ലും 2004ലും ചില ചടങ്ങുകളില്‍ രാജ്ഞി ഊന്നുവടിയുടെ സഹായത്തോടെ നടന്നിരുന്നു. എന്നാല്‍, ഇന്നലെ ഇതാദ്യമായി നടക്കുന്നതിനുള്ള സൗകര്യത്തിനായാണ് രാജ്ഞി ഉപയോഗിച്ചത്. പ്രത്യേകിച്ച് ആരോഗ്യപ്രശ്‌നങ്ങളൊന്നും തന്നെ ഊന്നുവടി ഉപയോഗിക്കാന്‍ കാരണമയി പറഞ്ഞിട്ടില്ല. തന്റെ ഔദ്യോഗിക ലിമോസിന്‍ കാറില്‍ നിന്നും പുറത്തിറങ്ങിയ ഉടനെ രാജ്ഞിക്ക് വടി നല്‍കുകയായിരുന്നു.
സായുധസേനയുടെ ചാരിറ്റിയുടെ രക്ഷാധികാരികൂടിയായ രാജ്ഞി മകള്‍ ആനി രാജകുമാരിക്കൊപ്പമാണ് ചടങ്ങിനെത്തിയത്. ഇതിനെ കുറിച്ച് പ്രതികരിക്കാന്‍ ബക്കിംഗ്ഹാം കൊട്ടാരം തയ്യാറായില്ല. അതേസമയം പരമ്പരാഗതമായ ഊന്നുവടിയല്ല രാജ്ഞി ഉപയോഗിക്കുന്നതെന്ന് ഇതിനെ കുറിച്ച് അറിയാവുന്നവര്‍ പറയുന്നു. ടെലെസ്‌കോപിക് വാക്കിംഗ് പോളിനോട് സാമ്യമുള്ള ഒന്നാണ് രാജ്ഞി ഉപയോഗിക്കുന്നതെന്നും അവര്‍ പറയുന്നു.