ജിഎസ്ടി ഇളവിന്റെ ഗുണം സാധാരണ ജനങ്ങളിക്കെത്തണമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ

ജിഎസ്ടി ഇളവിന്റെ ഗുണം സാധാരണ ജനങ്ങളിക്കെത്തണമെന്നും, അതിനെ കമ്പനി ലാഭത്തിനായി ദുരുപയോഗം ചെയ്യരുതെന്നും ധനമന്ത്രി കെ. എൻ. ബാലഗോപാൽ വ്യക്തമാക്കി. നികുതി കുറച്ചതിന്റെ പ്രയോജനം നേരിട്ട് ഉപഭോക്താക്കൾക്ക് ലഭിക്കണം, വില കൂട്ടാൻ കമ്പനികൾ ശ്രമിക്കരുത്. ഇളവ് ജനങ്ങൾക്ക് എത്തുന്നുണ്ടോ എന്ന് സർക്കാർ കർശനമായി നിരീക്ഷിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
ലോട്ടറി നികുതി 40 ശതമാനമാക്കി ഉയർത്തിയത് സംസ്ഥാനത്തിന് തിരിച്ചടിയായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനങ്ങളുടെ വിഷയങ്ങളിൽ കൗൺസിലിൽ ഗൗരവമായ ചർച്ച നടന്നില്ല, കേന്ദ്രം അതിനെ ഗൗരവത്തോടെ സമീപിച്ചില്ലെന്നും ധനമന്ത്രി വിമർശിച്ചു.
ഓട്ടോമൊബൈൽ, സിമന്റ് തുടങ്ങി പല മേഖലകളിലും നൽകിയ ഇളവിനെ തുടർന്ന് സംസ്ഥാനത്തിന് ഏകദേശം 4,500 കോടി രൂപ വരുമാനനഷ്ടം സംഭവിക്കുമെന്നാണ് കണക്കുകൂട്ടൽ. ജനങ്ങൾക്ക് ഇളവിന്റെ ഗുണം ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ സർക്കാർ ഇടപെടുകയും വിലനിരീക്ഷണം നടത്തുകയും ചെയ്യും. “നോട്ട് നിരോധനത്തെപ്പോലെ ജനകീയ പ്രസ്താവനകൾ വേണ്ട, വരുമാനനഷ്ടം എങ്ങനെ നികത്തും എന്ന കാര്യത്തിൽ കേന്ദ്രം ഒന്നും വ്യക്തമാക്കിയിട്ടില്ല” എന്നും അദ്ദേഹം വ്യക്തമാക്കി.
ലോട്ടറി നികുതിയുടെ കാര്യത്തിൽ തീരുമാനം സംസ്ഥാനങ്ങൾക്ക് വിട്ടുകൊടുക്കണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു. 28 ശതമാനത്തിൽ നിന്ന് 40 ശതമാനമായി വർധിപ്പിച്ചത് വലിയ ആഘാതം സൃഷ്ടിച്ചുവെന്നും, 2 ലക്ഷം പേരുടെ ഉപജീവനമാണ് ഇതുമായി ബന്ധപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജിഎസ്ടി കൗൺസിലിൽ ആശ്വാസം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ, എന്നാൽ ഇപ്പോൾ “തലക്ക് അടിയേറ്റതു പോലെ” സാഹചര്യമാണെന്നും ധനമന്ത്രി അഭിപ്രായപ്പെട്ടു.
ലോട്ടറി മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ പ്രത്യേക യോഗം വിളിക്കുമെന്നും, ജിഎസ്ടി ഇളവിന്റെ ഗുണം വലിയ കമ്പനികൾക്കല്ല, സാധാരണ ജനങ്ങൾക്ക് തന്നെയാകണമെന്ന് സംസ്ഥാന സർക്കാർ ഉറപ്പാക്കുമെന്നും ബാലഗോപാൽ വ്യക്തമാക്കി. വളരെ വേഗത്തിൽ നികുതി ഇളവ് നടപ്പാക്കിയതു തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടായിരിക്കാമെന്ന സൂചനയും അദ്ദേഹം നൽകി.
Tag: Finance Minister KN Balagopal wants the benefits of GST relief to reach the common people