ധനമന്ത്രി ജനങ്ങളെ വെല്ലുവിളിക്കുന്നത് അവസാനിപ്പിക്കണം: യുവമോര്‍ച്ച
തിരുവനന്തപുരം: കേരളത്തിന്റെ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ജനങ്ങളെ വെല്ലുവിളിക്കുന്നത് അവസാനിപ്പിക്കണമെന്ന് യുവമോര്‍ച്ച്. കേന്ദ്രസര്‍ക്കാര്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വില കുറച്ചിട്ടും കേരളം കുറയ്ക്കില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. മറ്റു പല സംസ്ഥാനങ്ങളും നികുതി കുറച്ച് കേന്ദ്രത്തിന് പിന്തുണ നല്‍കിയിട്ടും കേരള സര്‍ക്കാര്‍ ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. ഇന്ധനവില വര്‍ധനവില്‍ കേന്ദ്രസര്‍ക്കാരിനെ പഴിചാരി ജനങ്ങളുടെ കണ്ണില്‍പൊടിയിടാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ അടവും പൊളിഞ്ഞു കഴിഞ്ഞു. ഇനിയെങ്കിലും ജനദ്രോഹ നടപടിയില്‍ നിന്നും പിന്മാറാന് ഇടതു സര്‍ക്കാര്‍ തയ്യാറാവണം.
കേന്ദ്രം നികുതി കുറച്ചാല്‍ കേരളവും നികുതി കുറയ്ക്കാമെന്ന വാഗ്ദാനം പാലിക്കാന്‍ ധനകാര്യ മന്ത്രി തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ കോലം കത്തിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. യുവമോര്‍ച്ച നേതാക്കളായ ജില്ല പ്രസിഡന്റ് ആര്. സജിത്, സംസ്ഥാന- ജില്ല നേതാക്കളായ ബി.എല്‍. അജേഷ്, അനുരാജ്, ആനന്ദ്, ആശ നാഥ്, ചൂണ്ടിക്കല്‍ ഹരി, വിപിന്‍, അജി തുടങ്ങിയവര്‍ നേതൃത്വം നല്കി.