ശബരിമലയിലെ സാമ്പത്തിക ക്രമക്കേട്; ടെൻഡർ നടപടികളിലും അഴിമതിയും അനധികൃത സാമ്പത്തിക ഇടപാടുകളും കണ്ടെത്തി

ശബരിമലയിലെ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) രഹസ്യ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ ലഭിച്ച പരാതികളുടെയും പ്രാഥമിക അന്വേഷണഫലങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇഡി വിശദമായ അന്വേഷണം ആരംഭിച്ചത്. ടെൻഡർ നടപടികളിൽ വൻ അഴിമതിയും അനധികൃത സാമ്പത്തിക ഇടപാടുകളും നടന്നതായി ഇഡിക്ക് തെളിവുകൾ ലഭിച്ചതായി വിവരം.
ഇമെയിൽ മുഖേന ലഭിച്ച പത്ത് പരാതികളാണ് ഇഡിക്ക് അടിസ്ഥാനമായത്. പരാതിക്കാരുടെ മൊഴികൾ കൊച്ചിയിൽ വിളിപ്പിച്ചാണ് രേഖപ്പെടുത്തിയത്. ഇവരിൽ ഒമ്പതിലധികം പേരെ ഇതിനകം ചോദ്യം ചെയ്തു കഴിഞ്ഞിട്ടുണ്ട്. പ്രാഥമിക അന്വേഷണ ഘട്ടത്തിൽ തന്നെ വലിയ സാമ്പത്തിക അനിയമിതത്വങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഇഡി സമഗ്രമായ അന്വേഷണം ആരംഭിക്കാനുള്ള തീരുമാനം എടുത്തു.
സ്പോൺസർഷിപ്പുകളുമായി ബന്ധപ്പെട്ട വ്യാജ വൗച്ചറുകൾ തയ്യാറാക്കി ചില ഉദ്യോഗസ്ഥർ പണം തട്ടിയെടുത്തുവെന്നതാണ് ഇഡിയുടെ പ്രാഥമിക കണ്ടെത്തൽ. ഈ ഇടപാടുകൾ ദേവസ്വം ബോർഡിലെ ചില ഉദ്യോഗസ്ഥരുടെ അറിവോടെയാണെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്.
ധനലക്ഷ്മി ബാങ്ക് വഴിയുള്ള ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളും ഇഡി പിടിച്ചെടുത്തു. ചെക്ക് ലീഫുകൾ, ബിനാമി അക്കൗണ്ട് വഴിയുള്ള പണമാറ്റങ്ങൾ, ബന്ധപ്പെട്ട രേഖകൾ എന്നിവയൊക്കെ ശേഖരിച്ചിരിക്കുകയാണ്. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ, ശബരിമലയിലെ ധനകാര്യ ക്രമക്കേടുകളിൽ ഉൾപ്പെട്ടവർക്കെതിരെ കർശന നടപടിയെടുക്കുമെന്നതാണ് ഇഡിയുടെ നിലപാട്.
Tag: Financial irregularities in Sabarimala; Corruption and illegal financial transactions found in tender processes