തീപിടുത്തവും ഉത്തരം കിട്ടാത്ത ചോദ്യങ്ങളും.

സെക്രട്ടേറിയറ്റ് പ്രോട്ടോക്കോൾ വിഭാഗത്തിൽ തീപിടുത്തം ഉണ്ടായ സംഭവത്തിൽ പ്രതിഷേധവുമായി രംഗത്ത് വന്ന യു ഡി എഫിനും, ബിജെപിക്കും പ്രതിരോധം ഒരുക്കാൻ മന്ത്രിമാര്‍ രംഗത്ത് എത്തുമ്പോഴും, തീപിടുത്തവുമായി ബന്ധപെട്ടു ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ബാക്കിയാവുകയാണ്.
സംസ്ഥാനത്തെ സുപ്രധാന രേഖകളും, ഫയലുകളും സൂക്ഷിച്ചിരിക്കുന്ന പ്രോട്ടോകോൾ,ജിഎഡി പൊളിറ്റിക്കൽ വിഭാഗത്തിൽ തീപിടുത്തം ഉണ്ടായപ്പോൾ എന്ത് കൊണ്ട് ഫയർ സപ്രെഷൻ ഇനേബിൾ ആക്കിയില്ല. ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥർ ഉണ്ടായിട്ടു കൂടി തീ പിടിത്തം ഉണ്ടായപ്പോൾ തന്നെ എന്തുകൊണ്ട് അത് അണക്കാൻ കഴിഞ്ഞില്ല. ഏർലി സ്‌മോക്ക് ഡിറ്റക്ഷൻ സിസ്റ്റം, ഫയർ സപ്രെഷൻ എന്നിവ എന്ത് കൊണ്ട് അപകട സമയത്ത് വർക്ക് ചെയ്തില്ല. വെള്ളം കോരി ഒഴിച്ചു തീ കെടുത്തേണ്ട സ്ഥിതി എന്ത് കൊണ്ട് വന്നു.
സ്‌മോക്ക്, ഹീറ്റ് ഡിറ്റക്ഷൻ വർക്ക് ചെയ്തില്ലെങ്കിൽ, തീപിടുത്തം കാണുന്ന ഒരാൾക്ക് മാനുവൽ ആയി സിസ്റ്റം ഓപ്പറേറ്റ് ചെയ്യാൻ സൗകര്യം ഉണ്ടായിരുന്നിട്ടും,എന്തുകൊണ്ട് അതൊന്നും പ്രവർത്തിച്ചില്ല. എല്ലാ പ്രധാന point ലും Fire Extingusher ഉണ്ടായിരുന്നിട്ടും, എന്തുകൊണ്ട് അവ ഒന്ന് പോലും പ്രവർത്തിപ്പിക്കാൻ നോക്കിയില്ല. തീപിടുത്തം ആസൂത്രിതമാണോ എന്ന പ്രതിപക്ഷത്തിന്റെയും, ബി ജെ പിയുടെയും ആരോപണങ്ങളെ ബലപ്പെടുത്തുന്നതാണ് ഈ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ.
തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് മന്ത്രി ഇ.പി.ജയരാജന്‍ സമൂഹമാധ്യമത്തിൽ കുറിക്കുകയുണ്ടായി. ഇ–ഫയലിങ് സംവിധാനമുള്ളതിനാല്‍ ഫയലുകള്‍ സുരക്ഷിതമെന്ന് കടകംപള്ളി സുരേന്ദ്രനും പറഞ്ഞിരിക്കുന്നു. കടകപള്ളി പറഞ്ഞതുമായി നോക്കുമ്പോൾ ഇ ഫയലുകൾ ബാക്കിയുണ്ടെന്ന അർഥം കൂടി വരുകയാണ്. പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ സംഭവത്തെ പറ്റി ഉന്നത ഉദ്യോഗസ്ഥരോട് റിപ്പോർട്ട് തേടി. പക്ഷെ സംസ്ഥാന സെക്രട്ടറിയേറ്റിലെ പരമപ്രധാനമായ ഓഫീസിൽ ഫയർ സേഫ്റ്റി സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്നോ, ഉണ്ടായവ പ്രവർത്തിച്ചിരുന്നില്ലെന്നോ നാളെ പറഞ്ഞും ഞായീകരങ്ങൾ നിരത്താനാവും.
ജിഎഡി പൊളിറ്റിക്കൽ വിഭാഗത്തിൽ ചെറിയ തീപിടിത്തമാണ് ഉണ്ടായത്. മുൻപ് പല തവണയും ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ടെന്ന് കൂടി മന്ത്രി ഇ.പി.ജയരാജന്‍ പറഞ്ഞിരിക്കുകയാണ്. എത്ര നിരുത്തരവാദപരമായ രീതിയിലാണ് മന്ത്രിയുടെ പ്രതികരണം എന്നത് ആണ് ഇത് ചൂണ്ടിക്കാട്ടുന്നത്. എൻഐഎയ്ക്ക് വേണ്ട ഫയലുകളെല്ലാം കൈമാറിയിട്ടുണ്ടെന്നും കത്തിപോയ എല്ലാ ഫയലുകളുടെയും പകർപ്പ് കംപ്യൂട്ടറിൽ ലഭ്യമാണെന്നും മന്ത്രി പറഞ്ഞിരിക്കുന്നു. ജയരാജന് പിന്നാലെയാണ് പ്രതികരണവുമായി രംഗത്ത് വന്ന മന്ത്രി കടകംപള്ളി സുരേന്ദ്രൻ തീപിടിച്ചാല്‍ കത്തിപ്പോകുന്നതല്ല ഇ–ഫയലുകള്‍ എന്നു പ്രതികരിക്കുന്നത്. അവിശ്വാസത്തില്‍ പരാജയപ്പെട്ടപോലെ പ്രതിപക്ഷം ഈ ആരോപണത്തിലും പരാജയപ്പെടുമെന്ന് കൂടി കടകംപള്ളി സംഭവത്തിൽ പ്രതിഷേധിക്കുന്നവരെ കുറ്റപ്പെടുത്തുന്നുണ്ട്.
അതേസമയം, സെക്രട്ടറിയേറ്റില്‍ ഉണ്ടായ തീ പിടിത്തത്തില്‍ കത്തിപ്പോയതില്‍ നയതന്ത്ര ബാഗേജുകള്‍ സംബന്ധിച്ച ഫയലുകളുണ്ടോ എന്ന സംശയം ബലപ്പെടുകയാണ്. മന്ത്രിമാരുടെ പ്രസ്താവനയാണ് ഇക്കാര്യത്തിലുള്ള സംശയം ബലപ്പെടുത്തുന്നത്. നയതന്ത്ര ബാഗേജുകള്‍ സംബന്ധിച്ച ഫയലുകള്‍ ഇ.ഫയലുകളല്ല എന്നതാണ് ഇതിൽ പ്രധാനം. യു.എ.ഇ കോണ്‍സുലേറ്റുമായുളള കത്തിടപാടുകള്‍ എല്ലാം സൂക്ഷിച്ചിരുന്നത് പ്രോട്ടോകോൾ ഓഫീസിലാണ്.
സംഭവത്തില്‍ പൊലീസ് എഡിജിപി മനോജ് എബ്രഹാമിന്‍റെ മേല്‍നോട്ടത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ ദുരന്തനിവാരണവിഭാഗവും അന്വേഷണം നടത്തുന്നുണ്ട്. ഹൌസ് കീപ്പിംഗ് വിഭാഗം സംഭവത്തെ കുറിച്ച് ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നൽകും. സ്വര്‍ണക്കടത്ത് വിവാദവുമായി ബന്ധപ്പെട്ട് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഭാഗമാണ് സെക്രട്ടേറിയറ്റിലെ പ്രോട്ടോകോള്‍ ഓഫീസ്. ഫാനിന്റെ സ്വിറ്റ്ച് ഇട്ടപ്പോൾ തീപിടുത്തം ഉണ്ടായതാണെന്നും, കംപ്യൂട്ടറില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നും, രണ്ടു കാരണങ്ങളാണ് ഇപ്പോൾ ഇതേപറ്റി സെക്രട്ടറിയേറ്റിൽ ആകെ പ്രചരിച്ചിട്ടുള്ളത്.
സംഭവത്തിൽ സംസ്ഥാന സർക്കാരിനെ പരിഹസിച്ച് രംഗത്ത് വന്ന പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീർ, നേരത്തെ സെക്രട്ടേറിയറ്റിലെ സിസിടിവി ക്യാമറ ഇടിവെട്ടിയ സംഭവവും ഇപ്പോഴത്തെ തീപിടിത്തവും ബന്ധിപ്പിച്ചാണ് പരിഹസിച്ചിരിക്കുന്നത്. ഇടി വെട്ടിയവനെ തീ പിടിച്ചു എന്നാദ്യമായാണ് കേൾക്കുന്നതെന്ന് അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചിരിക്കുന്നു. ഇടി വെട്ടിയവനെ പാമ്പ് കടിച്ചെന്ന’ പഴമൊഴി കേട്ടിട്ടുണ്ട്. ഇടി വെട്ടിയവനെ തീ പിടിച്ചു എന്നാദ്യമായാണ് കേൾക്കുന്നത്. കനലൊരു തരി മതി എന്ന മുദ്രാവാക്യം ഇപ്പോൾ ശരിയായിരിക്കുന്നു. ആ ഒരു തരികൊണ്ട് എല്ലാ തെളിവുകളും നശിപ്പിക്കാമെന്ന് നിങ്ങൾ വിചാരിക്കുന്നുവെങ്കിൽ ‘വെറുതെയീ മോഹങ്ങൾ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാൻ മോഹം’ എന്ന വരികൾ ഓർത്ത് പോവുന്നു.എം.കെ.മുനീർ കുറിച്ചിരിക്കുന്നു.