കണ്ണൂരിൽ ലിഫ്റ്റിൽ കുടുങ്ങിയ അധ്യാപികയെ അഗ്നിരക്ഷാസേന രക്ഷിച്ചു

45 മിനുട്ടോളം ലിഫ്റ്റിൽ കുടുങ്ങി ശ്വാസംമുട്ടി അവശയായ അധ്യാപികയെ അഗ്നിരക്ഷാസേനയെത്തി രക്ഷിച്ചു. പാപ്പിനിശ്ശേരി ഇ.എം.എസ്. സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയും പള്ളിക്കുളത്തെ നെസ്റ്റ് അപ്പാർട്ട്‌മെന്റിലെ താമസിക്കാരിയുമായ സന്ധ്യ ശശികുമാറാണ് ലിഫ്റ്റിൽ കുടുങ്ങിയത്. ബന്ധുക്കൾ വിവരമിയിച്ചതിനെത്തുടർന്ന് അഗ്നിരക്ഷാസേനയെത്തി ഹൈഡ്രോളിക് കട്ടറുപയോഗിച്ച് മുറിച്ചശേഷം അവരെ രക്ഷപ്പെടുത്തുകയായിരുന്നു. മുൻപും ഈ ലിഫ്റ്റ് പ്രവർത്തിക്കാതായിട്ടുണ്ടെന്ന് പരാതിയുണ്ട്.
ലിഫ്റ്റ് നിന്ന ഉടനെ കറണ്ടും പോയി. ചൂടും ഇരുട്ടുമായി. ശ്വാസംമുട്ടൽ കൂടിയായപ്പോൾ വല്ലാതെ ഭയന്നു. ഭാഗ്യത്തിന് പുറത്തേക്ക് വിളിക്കാൻ പറ്റി. സഹോദരനെ വിളിച്ച് വിവരം പറഞ്ഞു. അങ്ങനെയാണ് അഗ്നിരക്ഷാസേനയെത്തിയത് -സന്ധ്യ ശശികുമാർ പറഞ്ഞു. വളപട്ടണം പോലീസും സ്ഥലത്തെത്തി. ഇരിണാവ് സ്വദേശിയായ ഇവർ മൂന്നുകൊല്ലമായി നെസ്റ്റ് അപ്പാർട്ട്‌മെന്റിൽ താമസിക്കുന്നു.
സ്റ്റേഷൻ ഓഫീസർ ഇ.ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ കെ.കെ.ദിലീഷ്, പി.റിജു, സുനീഷ് എന്നിവരുൾപ്പെട്ട സംഘമാണ് രക്ഷാപ്രവർത്തനത്തിനെത്തിയത്.