നടപടി കടുപ്പിച്ച് കര്‍ണാടക സര്‍ക്കാര്‍,കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ആര്‍ടി-പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

ബംഗളൂരു: സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും ആഴ്ചകളായി കോവിഡ് കേസുകള്‍ ഉയര്‍ന്നുവരുന്ന പശ്ചാത്തലത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ മഹാരാഷ്ട്ര, കേരളം എന്നി സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍. ഈ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ നിര്‍ബന്ധമായി ആര്‍ടി-പിസിആര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണം. അല്ലാത്തവരെ സംസ്ഥാനത്ത് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ വ്യക്തമാക്കി.
കോവിഡ് വ്യാപനം രൂക്ഷമായ മഹാരാഷ്ട്ര, കേരളം എന്നി സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ട് എന്ന് ഉറപ്പാക്കണമെന്ന് അധികൃതരോട് യെഡിയൂരപ്പ നിര്‍ദേശിച്ചു. ആര്‍ടി- പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ സംസ്ഥാനത്ത് പ്രവേശിക്കാന്‍ അനുവദിക്കൂ. നേരത്തെ തന്നെ ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയിരുന്നു. എന്നാല്‍ ഇത് നടപ്പാക്കുന്നതില്‍ അലംഭാവം ഉണ്ടായതായാണ് ഉന്നതതല യോഗത്തിന്റെ വിലയിരുത്തല്‍. ഈ പശ്ചാത്തലത്തിലാണ് നടപടികള്‍ കടുപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ബസില്‍ യാത്ര ചെയ്യുന്നവരുടെ കൈയില്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ട് എന്ന് അധികൃതര്‍ ഉറപ്പുവരുത്തണം. ഇതിന് ശേഷം മാത്രമേ ടിക്കറ്റ് നല്‍കാവൂ. ഓണ്‍ലൈനായി ടിക്കറ്റ് എടുക്കുന്നവരുടെ കൈവശവും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്ന് ബസ് കണ്ടക്ടര്‍ ഉറപ്പുവരുത്തണമെന്നും യോഗം നിര്‍ദേശിച്ചു. ട്രെയിനിനും വിമാനയാത്രയ്ക്കും ഇത് ബാധകമാണ്. ലോക്ക്ഡൗണ്‍, രാത്രികാലങ്ങളിലെ കര്‍ഫ്യൂ എന്നിവ സംബന്ധിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും യെഡിയൂരപ്പ അറിയിച്ചു. ഒരാഴ്ച വരെ കാത്തിരിക്കാം. ജനങ്ങള്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചില്ലായെങ്കില്‍ ശക്തമായ നടപടികളിലേക്ക് കടക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.