ആയിരക്കണക്കിന് ഏക്കര്‍ ഭൂമി നഷ്ടപ്പെടുത്താനൊരുങ്ങി ദേവസ്വം
തിരുവനന്തപുരം: ക്ഷേത്രങ്ങളില്‍ നിന്നും വരുമാനമില്ലെന്ന കാരണത്താല്‍ ഏക്കര്‍ക്കണക്കിന് ക്ഷേത്രഭൂമി പാട്ടത്തിന് നല്‍കാനൊരുങ്ങി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ബോര്‍ഡിന്റെ കൈവശം എത്രയേക്കര്‍ ഭൂമിയുണ്ടെന്ന ആധികാരിക കണക്ക് ഇന്നും ലഭ്യമല്ല. എന്നാലും 3200 ലധികം ഏക്കര്‍ ഭൂമി കൈവശമുണ്ടെന്നാണ് ഇപ്പോള്‍ ദേവസ്വം പ്രസിഡന്റ് എന്‍. വാസു പറയുന്നത്.
കാല്‍ലക്ഷം ഏക്കര്‍ ഭൂമിയോളം വിവിധ ക്ഷേത്രസ്വത്തുക്കളില്‍ നിന്നും നാളിതുവരെ ദേവസ്വം ബോര്‍ഡിന് നഷ്ടപ്പെട്ടിട്ടുണ്ട്. ഇന്നുവരെ ഇതു തിരിച്ചുപിടിക്കാന്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. എന്നാലും ഇപ്പോള്‍ കൈവശമുള്ള ഭൂമി പാട്ടത്തിനു നല്‍കി ആ പൈസകൊണ്ട് ദൈനംദിന കാര്യങ്ങള്‍ നടത്തിക്കൊണ്ടുപോകാനാണ് ബോര്‍ഡിന്റെ ശ്രമം. 2281 ഏക്കറാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പക്കലുള്ളതെന്നും ഇതില്‍ 494 ഏക്കര്‍ അന്യാധീനപ്പെട്ടെന്നും നേരത്തെ ദേവസ്വം മന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.
നഷ്ടപ്പെട്ട ഭൂമി തിരിച്ചുപിടിക്കാന്‍ 2006 ജൂലൈ 20ന് ലാന്‍ഡ് സ്പെഷല്‍ ഓഫീസറെ നിയമിച്ചു. 2008 ഒക്ടോബര്‍ 15ന് ഭൂസംരക്ഷണ വിഭാഗം സ്പെഷല്‍ തഹസീല്‍ദാരെയും ഇതിനായി ചുമതലപ്പെടുത്തിയെങ്കിലും ഒന്നും നടന്നില്ല. എരുമേലി പശ്ചിമഘട്ട ദേവസ്വത്തിന്റ കീഴിലുണ്ടായിരുന്ന ആയിരത്തിലേറെ ഏക്കര്‍ ഭൂമി നഷ്ടമായതിന്റെ കണക്ക് അധികൃതര്‍ മറയ്ക്കുകയാണ്. 763.11 ഏക്കര്‍ ഭൂമി ഹാരിസണ് എരുമേലി ദേവസ്വം പാട്ടത്തിനു നല്‍കിയിരുന്നു. അതിപ്പോള്‍ മുണ്ടക്കയം തോട്ടത്തിന്റെ ഭാഗമാണ്.
കോട്ടയം ജില്ലയിലും ഏരുമേലി ദേവസ്വം വക ഭൂമിയുണ്ട്. പത്തനംതിട്ട ജില്ലയിലെ ളാഹയില്‍ ഇളയ തമ്പുരാട്ടികാവ് വക 130 ഏക്കറും ഹാരിസണ് അടിയറവച്ചു. ക്ഷേത്രങ്ങള്‍ക്കരികില്‍ താമസിക്കുന്നവര്‍ കൈയേറിയ ഭൂമിയുടെ കണക്ക് വേറെ. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കഴിഞ്ഞാല്‍ മലബാര്‍ ദേവസ്വത്തിനു കീഴിലാണ് ഏറ്റവും കൂടുതല്‍ ഭൂമിയുള്ളത്. ഇപ്പോള്‍ കൈവശമുള്ളത് 3112 ഏക്കര്‍.
എന്നാല്‍ 2007 വരെ നടത്തിയ സര്‍വേപ്രകാരം അന്യാധീനപ്പെട്ട ഭൂമിയുടെ കണക്ക് 24,683 ഏക്കര്‍. ഇതിന്റെ ചെറിയ ഭാഗംപോലും തിരിച്ചുപിടിച്ചിട്ടില്ല. കൊച്ചി ദേവസ്വത്തിന്റെ കീഴിലുള്ള ഭൂമിയെപ്പറ്റി കണക്കില്ല. അന്യാധീനപ്പെട്ടതില്‍ എട്ട് ഏക്കര്‍ തിരിച്ചുപിടിച്ചതായി പറയുന്നു. കൂടല്‍മാണിക്യം ദേവസ്വത്തിന്റെ കീഴില്‍ 276.19 ഏക്കറുണ്ടായിരുന്നു. 18 ഏക്കറിലേറെ അന്യാധീനപ്പെട്ടു. ഇതിനുപുറമെ കാണിക്കയായി ലഭിച്ച 500 കിലോ റിസര്‍വ് ബാങ്കിന് നല്‍കി പലിശ വാങ്ങാനും ദേവസ്വത്തിന് പദ്ധതിയുണ്ട്.
നടവരവായി ലഭിക്കുന്ന സ്വര്‍ണപൊട്ട്, താലി, ആള്‍രൂപങ്ങള്‍ എന്നിവയാണ് ഉരുക്കുന്നതെന്നും തിരുവാഭരണങ്ങളും പൂജയുമായി ബന്ധപ്പെട്ട സ്വര്‍ണംകൊണ്ടു നിര്‍മിച്ച വസ്തുക്കളും ഒഴിവാക്കുമെന്നും അധികൃതര്‍ പറയുന്നു. അഞ്ഞൂറു കിലോ സ്വര്‍ണം റിസര്‍വ് ബാങ്കില്‍ വയ്ക്കുമ്പോള്‍ പ്രതിവര്‍ഷം ആറു കോടിയോളം രൂപ വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷ.
ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന് ഇത്തരത്തില്‍ 10 കോടിയോളം രൂപ വാര്‍ഷിക വരുമാനം ലഭിക്കുന്നതായും അധികൃതര്‍ പറയുന്നു. ഒരു ക്ഷേത്രം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം നശിച്ചെന്ന് പ്രബോധനം ചെയ്തയാളുകളുടെ പിന്‍ഗാമികള്‍ക്ക് ക്ഷേത്രം വെറും പണം വാരാനുള്ള ഒരു ഉപാധി മാത്രമാണ്. ഇത്തരം നിഷേധ നിലപാടുകള്‍ക്കെതിരെ ശബ്ദമുയര്‍ത്താനായി ഭക്തര്‍ക്ക് സംഘടിക്കാനാവുന്നില്ലെന്നതും ദേവസ്വം ബോര്‍ഡ് ഭരിക്കുന്ന രാഷ്ട്രീയ പ്രതിനിധികള്‍ക്ക് അനുകൂല സാഹചര്യമാണ്.