വെടിനിർത്തൽ കരാറിന്റെ ആദ്യഘട്ടം പ്രാബല്യത്തിൽ; ഒപ്പിടൽ ചടങ്ങ് നാളെ ഈജിപ്തിൽ നടക്കും

വെടിനിർത്തൽ കരാറിന്റെ ആദ്യഘട്ടം പ്രാബല്യത്തിൽ വന്നതോടെ ഗാസയിൽ നിന്ന് ഇസ്രയേൽ സേന പിന്മാറൽ ആരംഭിച്ചു. ഇസ്രയേൽ ആക്രമണങ്ങൾ മൂലം അഭയം തേടി പുറത്തുപോയിരുന്ന ആയിരക്കണക്കിന് ഗാസ നിവാസികൾ ഇപ്പോൾ തിരികെ സ്വന്തം പ്രദേശങ്ങളിലേക്ക് മടങ്ങുകയാണ്. ഇസ്രയേൽ–ഹമാസ് വെടിനിർത്തൽ കരാറിന്റെ ഒപ്പിടൽ ചടങ്ങ് നാളെ ഈജിപ്തിൽ നടക്കും. സമാധാന ശ്രമങ്ങൾക്ക് നേതൃത്വം നൽകിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചടങ്ങിൽ പങ്കെടുക്കും.
കരാറനുസരിച്ച്, പലസ്തീൻ പ്രദേശങ്ങളിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇസ്രയേൽ സൈന്യം പിന്മാറും. എന്നാൽ ഗാസയിലെ ചില പ്രധാന മേഖലകളിൽ സൈനിക സാന്നിധ്യം തുടരുമെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്) വ്യക്തമാക്കി. ഈ പ്രദേശങ്ങളിൽ നിന്ന് ജനങ്ങൾ ഒഴിഞ്ഞുനിൽക്കണമെന്ന് ഐഡിഎഫ് മുന്നറിയിപ്പും നൽകി.
നീണ്ട അനിശ്ചിതത്വങ്ങൾക്ക് ശേഷമാണ് ഹമാസും ഇസ്രയേലും ഗാസയിലെ സമാധാന പദ്ധതിക്ക് സമ്മതിച്ചത്. മണിക്കൂറുകളോളം നീണ്ട ചർച്ചകൾക്കൊടുവിലാണ് കഴിഞ്ഞ ദിവസം ഇസ്രയേൽ മന്ത്രിസഭ പദ്ധതിയുടെ ആദ്യഘട്ടത്തിന് അനുമതി നൽകിയത്. ഇക്കാര്യം പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ഗാസ സമയം ഉച്ചയ്ക്ക് 12 മണിമുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു. 24 മണിക്കൂറിനുള്ളിൽ എല്ലാ ആക്രമണങ്ങളും നിർത്താനും, 72 മണിക്കൂറിനകം ഹമാസ് പിടിച്ചിട്ടുള്ള ഇസ്രയേൽ പൗരന്മാരെയും ഇസ്രയേൽ തടവറകളിലുള്ള പലസ്തീനികളെയും മോചിപ്പിക്കാനും കരാറിൽ വ്യവസ്ഥയുണ്ട്. ആദ്യഘട്ട ധാരണയുടെ ഭാഗമായി ബന്ധികൈമാറ്റം ഉടൻ നടക്കുമെന്നാണ് ലഭ്യമായ വിവരം.
എന്നാൽ വെടിനിർത്തൽ നിലവിൽ വന്നിട്ടും ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ടുകളുണ്ട്. ഇന്നലെ നടന്ന ആക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടതായി ഉറവിടങ്ങൾ പറയുന്നു. അതേസമയം, ഗാസയിലെ പ്രതിസന്ധി നേരിടുന്ന ജനങ്ങൾക്ക് യുഎൻ അടിയന്തര സഹായം എത്തിക്കാൻ തയ്യാറെടുപ്പുകൾ പൂർത്തിയായി. അതിർത്തികൾ തുറന്നതോടെ ഭക്ഷണവും മരുന്നും ഉൾപ്പെടെയുള്ള ആവശ്യമുള്ള സാധനങ്ങൾ കൂടുതൽ തോതിൽ എത്തിക്കാനാണ് പദ്ധതി.
വെടിനിർത്തൽ പാലനമുറപ്പാക്കുന്നതിനായി അറബ് രാജ്യങ്ങളിലെ 200 സൈനികരെ ഗാസയിൽ നിയോഗിക്കുമെന്ന് സൂചനയുണ്ട്.
Tag: First phase of ceasefire agreement enters into force; signing ceremony to be held in Egypt tomorrow