വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകട മരണം,നാല് പേർക്ക് നുണപരിശോധന.

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകട മരണവുമായി ബന്ധപ്പെട്ട കേസിൽ നാല് പേർക്ക് നുണപരിശോധന നടത്താൻ സിബിഐ കോടതിയിൽ അപേക്ഷ നൽകി. ബാലഭാസ്കറിന്റെ സുഹൃത്തുക്കളായിരുന്ന പ്രകാശന്‍ തമ്പി, വിഷ്ണു സോമസുന്ദരം, ഡ്രൈവർ അര്‍ജുൻ, കലാഭവൻ സോബി എന്നിവർക്കാണ് സിബിഐ നുണപരിശോധന നടത്തുന്നത്.
16ന് നാല് പേരെയും കോടതിയിൽ വിളിച്ച് വരുത്തി നുണപരിശോധനയ്ക്കു തയാറാണോ എന്ന് ചോദിക്കും. തയാറാകുന്നവർക്ക് കോടതിയുടെ നിർദേശപ്രകാരം തിരുവനന്തപുരത്തോ കൊച്ചിയിലോ നുണ പരിശോധന നടത്താനാണ് സിബിഐ തീരുമാനിച്ചിട്ടുള്ളത്. വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തു കേസില്‍ പ്രകാശന്‍ തമ്പിയും വിഷ്ണു സോമസുന്ദരവും പ്രതികളായതോടെയാണ് അപകടത്തെക്കുറിച്ചു ബന്ധുക്കള്‍ക്ക് സംശയങ്ങൾ ഉണ്ടാകുന്നത്. ദേശീയപാതയില്‍ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപ് ജംക്‌ഷനു സമീപം 2018 സെപ്റ്റംബര്‍ 25നു പുലര്‍ച്ചെയാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെടുന്നത്. അപകടം നടക്കുമ്പോൾ ഒപ്പമുണ്ടായിരുന്ന ഡ്രൈവർ അർജുൻ താൻ വാഹനമോടിച്ചില്ലെന്നു മൊഴിമാറ്റി പറഞ്ഞതിലും ബന്ധുക്കൾ ദുരൂഹത കാണുന്നുണ്ട്. അപകടം നടന്ന സ്ഥലത്ത് എത്തുന്നതിനു മുൻപ് ബാലഭാസ്കറിന്റെ കാർ ആക്രമിക്കപ്പെട്ടെന്നാണ് അതുവഴി അന്നേദിവസം കടന്നുപോയ കലാഭവൻ സോബിയുടെ മൊഴിയിൽ പറയുന്നത്.