ഗുരുതര വീഴ്ച; ഝാർഖണ്ഡിൽ രക്തം സ്വീകരിച്ച അഞ്ചു കുട്ടികൾക്ക് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചു

ഝാർഖണ്ഡിൽ രക്തം സ്വീകരിച്ച അഞ്ചു കുട്ടികൾക്ക് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചതോടെ ഗുരുതരമായ ആരോഗ്യ വകുപ്പിലെ വീഴ്ച പുറത്തുവന്നു. സംഭവം ചായ്‌ബാസയിലെ സർക്കാർ ആശുപത്രിയിലാണ് നടന്നത്. പ്രാഥമിക അന്വേഷണത്തിൽ ബ്ലഡ് ബാങ്കിൽ ഗുരുതരമായ ക്രമക്കേടുകൾ നടന്നതായി കണ്ടെത്തി. രക്തസാമ്പിളുകൾ ശരിയായി പരിശോധനയ്ക്ക് വിധേയമാക്കാത്തതും, ആവശ്യമായ രേഖകൾ സൂക്ഷിക്കാത്തതുമാണ് പ്രധാന ആരോപണം. സംഭവത്തെ തുടർന്ന് ഝാർഖണ്ഡ‍് സർക്കാർ ഉയർന്നതല അന്വേഷണത്തിന് ഉത്തരവിട്ടു.
ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ദിനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച ചായ്‌ബാസ സദർ ആശുപത്രിയിലെ ബ്ലഡ് ബാങ്കിൽ നിന്ന് രക്തം സ്വീകരിച്ച തലസീമിയ ബാധിത കുട്ടിയുടെ കുടുംബമാണ് ആദ്യം പരാതി ഉന്നയിച്ചത്. രക്തം മാറ്റിയതിന് പിന്നാലെ കുട്ടിക്ക് എച്ച്‌ഐവി പോസിറ്റീവ് ഫലം വന്നതോടെ കുടുംബം പരാതി നൽകി. തുടർന്ന് നടത്തിയ പരിശോധനയിൽ, അതേ കാലയളവിൽ ബ്ലഡ് ബാങ്കിൽ നിന്ന് രക്തം സ്വീകരിച്ച മറ്റ് നാല് കുട്ടികൾക്കും എച്ച്‌ഐവി ബാധ സ്ഥിരീകരിക്കപ്പെട്ടു.
സംഭവത്തെ അതീവ ഗൗരവത്തോടെ കാണുന്നുവെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. “തലസീമിയ രോഗിക്ക് രക്തം മാറ്റി നൽകിയ സംഭവത്തിലാണ് വീഴ്ച നടന്നത് എന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. ബ്ലഡ് ബാങ്കിൽ ചില അപാകതകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അവ പരിഹരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്,” ഡോ. ദിനേഷ് കുമാർ അറിയിച്ചു.
നിലവിൽ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് എമർജൻസി ഓപ്പറേഷൻ മോഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തുന്ന സംഘത്തിൽ ഡോ. ശിപ്ര ദാസ്, ഡോ. എസ്.എസ്. പാസ്വാൻ, ഡോ. ഭഗത്, ജില്ലാ സിവിൽ സർജൻ ഡോ. സുശാന്ത് കുമാർ മജ്ഹി, ഡോ. ശിവചരൺ ഹൻസ്‌ദ, ഡോ. മിനു കുമാരി എന്നിവരാണ് ഉൾപ്പെട്ടിരിക്കുന്നത്.
Tag: Serious lapse: Five children tested positive for HIV after receiving blood in Jharkhand



