ജലീലിന്‍റെ പടിയിറക്കം ദിവസങ്ങള്‍ ബാക്കിനില്‍ക്കെ, അഞ്ച് വര്‍ഷത്തിനിടെ രാജിവെച്ചത് അഞ്ച് മന്ത്രിമാര്‍
തിരുവനന്തപുരം: മന്ത്രി കെ.ടി ജലീല്‍ രാജിവെച്ചതോടെ പിണറായി മന്ത്രിസഭയില്‍ അഞ്ച് വര്‍ഷത്തിനിടെ രാജി വെച്ചത് അഞ്ച് മന്ത്രിമാര്‍. വ്യവസായ മന്ത്രി ഇ.പി ജയരാജന്‍, ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍, തോമസ് ചാണ്ടി, മാത്യു ടി തോമസ് എനിവരാണ് മുമ്ബ് രാജിവെച്ചത്.
ഇതില്‍ ഇ.പി ജയരാജനും ബന്ധുനിയമനത്തിന്‍റെ പേരിലായിരുന്നു സ്ഥാനം തെറിച്ചത്. എന്നാല്‍, പിന്നീട് വിജിലന്‍സ് അന്വേഷണത്തില്‍ ക്ലീന്‍ ചിറ്റ് വാങ്ങി ജയരാജന്‍ മന്ത്രിസ്ഥാനത്ത് തിരിച്ചെത്തി. മംഗളം ചാനലിന്‍റെ വിവാദമായ ഫോണ്‍കെണിയില്‍ അകപ്പെട്ടാണ് എന്‍.സി.പി നേതാവായ എ.കെ. ശശീന്ദ്രന്‍ പുറത്തായത്. എന്നാല്‍, പകരം വന്ന പാര്‍ട്ടിയിലെ രണ്ടാമത്തെ എം.എല്‍.എയായ തോമസ് ചാണ്ടിക്ക് മന്ത്രിസ്ഥാനം ലഭിച്ചെങ്കിലും അധികകാലം സീറ്റിലിരിക്കാനായില്ല. കായ്യല്‍കൈയ്യേറ്റവും സ്വന്തം റിസോര്‍ട്ട് നിര്‍മാണത്തിനുവേണ്ടി നടത്തിയ കൈയ്യേറ്റങ്ങളും കസേര തെറുപ്പിച്ചു. ഇത് നേരത്തെ രാജി വെച്ച എ.കെ ശശീന്ദ്രന് ഗുണകരമായി. ഫോണ്‍കെണി കേസില്‍ അനുരഞ്ജനത്തിന്‍റെ പാത തീര്‍ത്ത് അദ്ദേഹം വീണ്ടും മന്ത്രിയായി. പാര്‍ട്ടിയിലെ ആഭ്യന്തരപ്രശ്നങ്ങളുടെ പേരിലായിരുന്നു മാത്യു ടി തോമസിന്‍റെ രാജി.
ഇപ്പോള്‍ ബന്ധുനിയമന കേസിലെ ലോകായുക്ത വിധിയെ തുടര്‍ന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിന്‍റെ രാജി. നിയമനം വിവാദമായിട്ടും മന്ത്രിസ്ഥാനത്ത് തൂങ്ങിക്കിടക്കുന്ന കെ.ടി. ജലീലിെനതിരെ സി.പി.എമ്മില്‍ കടുത്ത അതൃപ്തി നിലനിന്നിരുന്നു. ഒടുവില്‍ സമ്മര്‍ദം കനത്തതോടെയാണ് മന്ത്രിസഭ കാലാവധി പൂര്‍ത്തിയാക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ രാജിവെച്ചൊഴിയുന്നത്.
ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജരായി കെ ടി അദീബിനെ നിയമിച്ചത് നിയമവിരുദ്ധമാണെന്നാണ് ലോകായുക്ത വിധിച്ചത്. ബന്ധുവായ കെ ടി അദീബിനെ നിയമിക്കാന്‍ മന്ത്രി ജലീല്‍ യോഗ്യതയില്‍ തിരുത്തല്‍ വരുത്തിയെന്നും മന്ത്രിയായി തുടരാന്‍ ജലീലിന് അര്‍ഹതയില്ലെന്നും ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപ ലോകായുക്ത ഹാറുണ്‍ അല്‍ റഷീദ് എന്നിവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകായുക്ത നിയമം 12(3) പ്രകാരം റിപ്പോര്‍ട്ട് തുടര്‍നടപടിക്കായി തിങ്കളാഴ്ച്ച മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു.