കേരളത്തില്‍ അഞ്ചു പുതിയ റോഡുകള്‍ ദേശീയപാത നിലവാരത്തിലേക്ക് ഉയര്‍ത്തും

കേരളത്തില്‍ അഞ്ചു പുതിയ റോഡുകള്‍ ദേശീയപാത നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. രാമനാട്ടുകര– കോഴിക്കോട് വിമാനത്താവള റോഡ്, കണ്ണൂര്‍ വിമാനത്താവള റോഡ് (ചൊവ്വ–മട്ടന്നൂര്‍), കൊടുങ്ങല്ലൂര്‍–അങ്കമാലി, വൈപ്പിന്‍– മത്സ്യഫെഡ് ടൂറിസ്റ്റ് ഓഫീസ് റോഡ് എന്നിവയും കൂടി ദേശീയപാതയായി വികസിപ്പിക്കാനാണ് തീരുമാനം. ഇതിനായുള്ള പദ്ധതിരേഖ തയ്യാറാക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
പദ്ധതിരേഖ തയ്യാറാക്കുന്നതിനുള്ള ഏജന്‍സിയെ തെരഞ്ഞെടുക്കാനുള്ള ടെന്‍ഡര്‍ നടപടികള്‍ ദേശീയപാത അതോറിറ്റി തുടങ്ങുകയും ചെയ്തു. കൊച്ചി– മധുര ദേശീയപാതയില്‍ കോതമംഗലം, മൂവാറ്റുപുഴ ബൈപാസ് നിര്‍മാണത്തിനുള്ള പദ്ധതിരേഖയും ഒരുങ്ങുന്നുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം ഡല്‍ഹിയില്‍ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയെ സന്ദര്‍ശിച്ചപ്പോഴാണ് കൂടുതല്‍ പാതകളെ ദേശീയപാത നിലവാരത്തിലേക്ക് ഉയര്‍ത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അഞ്ചു പുതിയ ദേശീയപാതകളുടെ പദ്ധതിരേഖ തയ്യാറാക്കല്‍ നടപടികള്‍ തുടങ്ങിയത്. കേരള ജനങ്ങളുടെ ദീര്‍ഘകാല സ്വപ്നമായിരുന്ന ഈ പദ്ധതിയെ യാഥാര്‍ഥ്യമാക്കുന്നതിന് സഹകരണം നല്‍കിയ കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിക്കും മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് വകുപ്പ് നന്ദി അറിയിക്കുന്നതായി മന്ത്രി കുറിപ്പില്‍ വ്യക്തമാക്കി.
Tag: Five new roads in Kerala to be upgraded to National Highway status