ഹിമാചൽ പ്രദേശിലെ മിന്നൽ പ്രളയവും മണ്ണിടിച്ചിലും; കുടുങ്ങിക്കിടക്കുന്നവരിൽ മലയാളികളും
ഹിമാചൽ പ്രദേശിലെ മിന്നൽപ്രളയവും തുടർച്ചയായ മണ്ണിടിച്ചിലിലും കുടുങ്ങി 25 അംഗ യാത്രാസംഘം. കൽപ്പ മേഖലയിലാണ് സംഘം കുടുങ്ങിയിരിക്കുന്നത്. ഇവരിൽ 18 പേർ മലയാളികളാണ്. സംഘത്തിൽ തമിഴ്നാട്ടിൽ നിന്നുള്ള 5 പേരും, ശേഷിക്കുന്നവർ ഉത്തരേന്ത്യക്കാരുമാണ്.
പ്രദേശത്തെ ഗതാഗത ബന്ധം തകരാറിലായതിനാൽ യാത്രികർക്ക് ഭക്ഷണവും കുടിവെള്ളവും ലഭ്യമാകാതെ ബുദ്ധിമുട്ട് നേരിടുന്നതായി റിപ്പോർട്ടുകളുണ്ട്. ആരോഗ്യ പ്രശ്നങ്ങളും ചിലർക്കിടയിൽ തുടങ്ങിക്കഴിഞ്ഞതായി പറയുന്നു.
ഡൽഹിയിൽ നിന്ന് ഓഗസ്റ്റ് 25-ന് യാത്ര ആരംഭിച്ച സംഘം, സ്പിറ്റിയിൽ നിന്നു കൽപ്പയിലെത്തിയതിന് പിന്നാലെയാണ് കാലാവസ്ഥ രൂക്ഷമായത്. കനത്ത മഴയും മണ്ണിടിച്ചിലും റോഡുകൾ തകർന്നതോടെ യാത്ര തുടരാൻ മറ്റ് മാർഗങ്ങൾ തേടേണ്ട അവസ്ഥയിലാണ് സംഘം. ജൂൺ 20-ന് മൺസൂൺ ആരംഭിച്ചതിന് ശേഷം ഓഗസ്റ്റ് 30 വരെ സംസ്ഥാനത്ത് 91 വെള്ളപ്പൊക്കങ്ങളും, 45 മേഘവിറക് സംഭവങ്ങളും, 93 വലിയ മണ്ണിടിച്ചിലുകളും രേഖപ്പെടുത്തിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഓൾഡ് ഹിന്ദുസ്ഥാൻ-ടിബറ്റ് റോഡ്, മണ്ടി-ധരംപൂർ റോഡ് ഉൾപ്പെടെ 822 റോഡുകൾ ഇതിനകം തകർന്നിരിക്കുകയാണ്.
Tag: Flash floods and landslides in Himachal Pradesh; Malayalis among those stranded