പാകിസ്താനില്‍ മിന്നല്‍ പ്രളയം ; 243 പേര്‍ മരിക്കുകയും നിരവിധി പേരെ കാണാതാവുകയും ചെയ്തു
പാകിസ്താനിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ 243 പേർ മരിക്കുകയും, നിരവധിപേരെ കാണാതാവുകയും ചെയ്തു. വടക്ക്– പടിഞ്ഞാറൻ പാകിസ്താനിലെ ബുനർ ജില്ലയെയാണ് പ്രളയം ഏറ്റവും കൂടുതൽ ബാധിച്ചത്. വെള്ളിയാഴ്ച ലഭിച്ച വിവരങ്ങൾ പ്രകാരം, ബുനറിൽ മാത്രം 157 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അനേകം വീടുകൾ പ്രളയത്തിൽ ഒലിച്ചുപോയി.
ബുനറിൽ രക്ഷാപ്രവർത്തകർ ഹെലികോപ്ടറുകളുടെ സഹായത്തോടെ ദുരന്തബാധിതരെ രക്ഷിക്കാൻ ശ്രമം തുടരുകയാണ്. മണ്ണിലും ചെളിയിലും പൊതിഞ്ഞ പ്രദേശങ്ങളിൽ നിന്ന് ആളുകളെ പുറത്തെടുക്കുന്നത് അത്യന്തം ദുഷ്കരമാണെന്ന് സംസ്ഥാന ദുരന്തനിവാരണ സേന അറിയിച്ചു. ഒറ്റപ്പെട്ട പ്രദേശങ്ങളിലെ കുടുംബങ്ങളിലേക്ക് എത്തിപ്പെടാൻ കഴിയാത്തത് ദുരന്ത സാഹചര്യം കൂടുതൽ ദുസഹമാക്കി.
മൻസെഹ്ര ജില്ലയിൽ ഗ്രാമങ്ങളിൽ കുടുങ്ങിക്കിടന്ന ഏകദേശം 2,000 വിനോദസഞ്ചാരികളെ ജില്ലാ ദുരന്തനിവാരണ അതോറിറ്റി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ഇവർ സിറാൻ വാലിയിൽ ഉണ്ടായ മിന്നൽ പ്രളയത്തിലും മണ്ണിടിച്ചിലിലും കുടുങ്ങിയവരായിരുന്നു.
അതേസമയം, ബജൗറിൽ പ്രതികൂല കാലാവസ്ഥയിൽ സഹായവുമായി എത്തിയ ഹെലികോപ്ടർ തകർന്നുവീണത് മൂലം രണ്ട് പൈലറ്റുമാർ മരിച്ചു. ഗ്ലേഷ്യൽ തടാകങ്ങളുടെ സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവർക്കു സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Tag: Flash floods in Pakistan; 243 dead, countless missing