നാശം വിതച്ച് ജര്‍മനിയില്‍ പ്രളയം: എല്ലാം വെള്ളത്തിനടിയില്‍
ബെര്‍ലിന്‍: പടിഞ്ഞാറന്‍ യൂറോപ്പിനെ ഭീതിയിലാഴ്ത്തി പെയ്തിറങ്ങിയ മഴയെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ 128 പേരാണ്് ഇതുവരെ മരണപ്പെട്ടത്്. പ്രളയം കൂടുതല്‍ ദുരന്തം വിതച്ച പടിഞ്ഞാറന്‍ ജര്‍മനിയില്‍ നിരവധി പേര്‍ ഇപ്പോഴും കാണാമറയത്താണ്. റോഡുകള്‍ ദൃശമാകാത്ത അവസ്ഥയാണ് ചില പ്രദേശങ്ങളില്‍. വീടുകളെല്ലാം വെള്ളത്തിനടിയിലായി. വെള്ളമിറങ്ങിയ തെരുവോരങ്ങളില്‍ വാഹനങ്ങള്‍ കൂട്ടമായി ഒന്നിനു മേലെ ഒന്നായി മറിഞ്ഞു കിടക്കുന്നു. ചില ജില്ലകള്‍ പൂര്‍ണമായും നശിച്ചു.
‘എല്ലാം 15 നിമിഷം കൊണ്ട് വെളളത്തിനടിയിലായി. ഞങ്ങളുടെ ഫ്‌ലാറ്റ്, അയല്‍വാസികളുടെ വീട് ഓഫീസ്, എല്ലാം. എല്ലായിടവും വെള്ളം നിറഞ്ഞിരിക്കുന്നു.’ പ്രളയത്തില്‍ അകപ്പെട്ട ജര്‍മനിയിലെ റൈന്‍ലാന്‍ഡ് സംസ്ഥാനത്തെ ബഡ് നോയ്‌നാറിലെ അഗ്രോണ്‍ എന്ന 21കാരന്റെ വാക്കുകളാണിത്. പ്രളയം രൂക്ഷമായി ബാധിച്ച റൈന്‍ലാന്‍ഡ്-പാലറ്റിനേറ്റ് സംസ്ഥാനത്തെ അവൈയ്ലര്‍ ജില്ലയില്‍ നിരവധി വീടുകള്‍ തകര്‍ന്നടിഞ്ഞു. ഈ ഭീകരതയെ ജനങ്ങള്‍ സുനാമിയോടാണ് താരതമ്യം ചെയ്തത്.
മരങ്ങളൊക്കെ വേരൊടെ പിഴുതുപോയി, വീടുകള്‍ തകര്‍ന്നടിഞ്ഞു, ‘കാറുകള്‍, കാരവനുകള്‍ എല്ലാം വെളളത്തില്‍ ഒഴുകി നടക്കുന്നു,. ഞങ്ങള്‍ കഴിഞ്ഞ 20 വര്‍ഷമായി ഇവിടെ ജീവിക്കുകയാണ്. ഇങ്ങനെയൊരു അനുഭവം ഇതുവരെയുണ്ടായിട്ടില്ലെന്നും യുദ്ധമേഖല പോലെയാണ് ഇവിടെ ഇപ്പോള്‍’ ജര്‍മനിയിലെ ഷോള്‍ഡ് മേഖലയില്‍ താമസിക്കുന്ന 65 വയസ്സുകാരനായ ഹാന്‍സ് ഡൈറ്റര്‍ പറഞ്ഞു.
ജര്‍മനിയുടെ അയല്‍രാജ്യമായ ബെല്‍ജിയത്തില്‍ ഇതുവരെ 20 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുപതോളം പേരെ ഇവിടെ കാണാതായി. ജര്‍മന്‍ അതിര്‍ത്തിയോടു ചേര്‍ന്ന കിഴക്കന്‍ മേഖലയിലാണ് ബല്‍ജിയത്തില്‍ പ്രളയക്കെടുതി അതിശക്തമായത്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മരണം കൂടി സ്ഥിരീകരിച്ചതോടെ ജര്‍മനിയില്‍ ആകെ മരണം 108 ആയി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്.