കേരളത്തിൽ ഓണത്തിന് മുൻപ് വെളിച്ചെണ്ണയുടെ വില കുറയുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ

കേരളത്തിൽ വെളിച്ചെണ്ണയുടെ വില കുറയ്ക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അറിയിച്ചു. കൃഷി മന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. വിലക്കയറ്റത്തിൽ നിന്ന് നേട്ടം ലഭിച്ചത് പ്രധാനമായും തമിഴ്നാട്ടുകാർക്കാണെന്നും, കേരളത്തിലെ തേങ്ങ കർഷകർക്ക് മാത്രമാണ് ചില അളവിൽ ലാഭം കിട്ടിയതെന്നും മന്ത്രി പറഞ്ഞു.
ഓണത്തിന് മുമ്പ് തന്നെ വില കുറയ്ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവിൽ 349 രൂപയായുള്ള വില ഇനിയും താഴ്ത്തും. അമിത ലാഭം ഈടാക്കാതെ വെളിച്ചെണ്ണ വിതരണം ചെയ്യാൻ സംരംഭകരുമായി സംസാരിച്ചതായും അറിയിച്ചു. പുതുക്കിയ വില ആറാം തീയതി മുതൽ പ്രാബല്യത്തിൽ വരും.
ഓഗസ്റ്റ് 10 മുതൽ സപ്ലൈകോ ഔട്ട്ലെറ്റുകളിൽ വിലക്കുറവുള്ള വെളിച്ചെണ്ണ ലഭ്യമാകുമെന്ന് മന്ത്രി വ്യക്തമാക്കി. ഇനി മുതൽ സപ്ലൈകോ സ്റ്റോറുകളിൽ ഒഴിഞ്ഞ അലമാര കാണില്ലെന്നും, ഓണത്തിന് മുന്നോടിയായി കേരളത്തിലെ 140 മണ്ഡലങ്ങളിലും സഞ്ചരിക്കുന്ന മൊബൈൽ മാവേലി സ്റ്റോറുകൾ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമങ്ങളിലും ഈ സേവനം ലഭ്യമാക്കും.
ഓണക്കിറ്റിൽ കൂടുതൽ വെളിച്ചെണ്ണ ഉൾപ്പെടുത്തുന്നതും പരിഗണനയിലാണ്. ഉൽപാദന കേന്ദ്രങ്ങളിൽ വില കുറയ്ക്കാൻ നിർദ്ദേശം നൽകിയതായി മന്ത്രി അറിയിച്ചു.
അതേസമയം, റേഷൻ സാധനങ്ങൾ വാങ്ങാത്തവരെ പട്ടികയിൽ നിന്ന് ഒഴിവാക്കുമെന്ന് കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെക്കുറിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും, മാധ്യമ റിപ്പോർട്ടുകൾ പ്രകാരം മാത്രമാണ് വിവരം അറിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. കാര്യങ്ങൾ പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി.
കേരളത്തിൽ 99% മസ്റ്ററിങ് പൂർത്തിയായിട്ടുണ്ട്. ബാക്കിയുള്ളവരുടെ നിലപാട് സംബന്ധിച്ച വിവരങ്ങൾ ലഭിച്ചാൽ അതനുസരിച്ച് തീരുമാനം എടുക്കുമെന്നും, വടക്കൻ കേരളത്തിൽ മട്ട അരിക്ക് പകരം പുഴുക്കലരി നൽകാനുള്ള സാധ്യതയും പരിശോധിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
Tag: Food Minister G.R. Anil says that the price of coconut oil will come down before Onam in Kerala