തൃശൂരിൽ യൂത്ത് കോൺഗ്രസ് നേതാവിനെ സ്റ്റേഷനിലെത്തിച്ച് ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്
തൃശൂർ കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്ത് വി.എസ്.യെ 2023 ഏപ്രിൽ 5-നാണ് പൊലീസ് മർദിച്ചത്. എസ്‌ഐ നുഹ്മാനും സിപിഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവരും ചേർന്ന മർദിച്ചതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
വഴിയരികിൽ സുഹൃത്തുക്കളോട് പൊലീസ് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനെയാണ് സുജിത്തിനെ സ്റ്റേഷനിലേക്ക് വിളിച്ചുകൊണ്ട്പോയി മർദിച്ചത്. തുടർന്ന് സുജിത്തിനെതിരെ വ്യാജ എഫ്ഐആറും രജിസ്റ്റർ ചെയ്തു. എന്നാൽ കോടതി വിചാരണയിൽ അദ്ദേഹം നിരപരാധിയാണെന്ന് തെളിഞ്ഞു. ക്രൂരമർദനത്തിൽ പങ്കെടുത്ത നാല് പൊലീസുകാർക്കെതിരെ കേസ് എടുക്കാൻ കോടതി ഉത്തരവിടുകയും ചെയ്തു. വർഷങ്ങൾക്കിപ്പുറം പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളാണ് നിയമ പോരാട്ടത്തിലൂടെ വെളിച്ചം കണ്ടത്.
സുജിത്ത് മദ്യപിച്ചിരിക്കുകയാണെന്ന വ്യാജാരോപണം ഉന്നയിച്ച് പൊലീസ് ബലമായി വാഹനത്തിൽ കയറ്റി. സ്റ്റേഷനിലെത്തിയ ഉടനെ എസ്‌ഐ മുഖത്തടിക്കുന്ന ദൃശ്യങ്ങൾ വ്യക്തമാണ്. ആ അടിയിൽ സുജിത്തിന് കേൾവിക്ക് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചു. തുടർന്ന് സിസിടിവി ഇല്ലാത്ത മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചതായും പുറത്തുവന്നിട്ടുണ്ട്. വൈദ്യ പരിശോധനയിൽ സുജിത്ത് മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞതോടെ ചാവക്കാട് മജിസ്‌ട്രേറ്റ് ജാമ്യം അനുവദിച്ചു.
കോടതിയിൽ ഹാജരായപ്പോൾ ചെവിക്ക് അടിയേറ്റതായും സുജിത്ത് വ്യക്തമാക്കിയതോടെ മജിസ്‌ട്രേറ്റ് വൈദ്യപരിശോധനയ്ക്ക് നിർദ്ദേശിച്ചു. പരിശോധനയിൽ ക്രൂരമായ മർദനമാണ് നടന്നതെന്ന് സ്ഥിരീകരിച്ചു. പിന്നീട് കുന്നംകുളം മജിസ്‌ട്രേറ്റ് കേസിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ടു. ദൃശ്യങ്ങളടക്കം തെളിവുകൾ ഉണ്ടെങ്കിലും പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയൊന്നും സ്വീകരിക്കാതെ, അവരെ സ്ഥലംമാറ്റുക മാത്രമാണ് അധികാരികൾ ചെയ്തത്.
Tag: Footage emerges of Youth Congress leader being brutally beaten at the station in Thrissur