Kerala NewsLatest NewsPoliticsUncategorized

ബിജെപിയിൽ പരസ്യ ഭിന്നത: സന്ദീപ് വാര്യർ പങ്കെടുത്ത ജനം ടിവി ഇലക്ഷൻ പരിപാടി ജില്ലാ നേതൃത്വവും പ്രവർത്തകരും ബഹിഷ്‌കരിച്ചു; സംസ്ഥാന നേതൃത്വത്തിന് പരാതി

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ തൃശൂർ ബിജെപിയിൽ പരസ്യമായ ഭിന്നത. സംസ്ഥാന വക്താവ് സന്ദീപ് വാര്യർ പങ്കെടുത്ത ജനം ടിവി ചാനൽ തെരഞ്ഞെടുപ്പ് പരിപാടി ജില്ലാ നേതൃത്വവും പ്രവർത്തകരും ബഹിഷ്‌കരിച്ചു. ജനം ടിവി ചാനൽ അധികൃതർക്കും സന്ദീപ് വാര്യർക്കുമെതിരെ ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് പരാതി നൽകുകയും ചെയ്തു. ജനം ടിവിയുടെ ഇലക്ഷൻ സംവാദ പ്രോഗ്രാമായ ജനസഭ തൃശൂരിലെത്തിയപ്പോഴാണ് ബിജെപിയിലെ ചേരിപ്പോര് പരസ്യമായത്.

തേക്കിൻകാട് മൈതാനിയിൽ തെക്കേഗോപുര നടയിലായിരുന്നു പരസ്യ സംവാദം നടന്നത്. ഇടതുമുന്നണിക്ക് വേണ്ടി എസ്എഫ്‌ഐ കേന്ദ്രകമ്മിറ്റിയംഗം ശരത്പ്രസാദും യുഡിഎഫ് പ്രതിനിധിയായി യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ശോഭാ സുബിനും ബി ജെ പി യിൽ നിന്ന് സംസ്ഥാന വക്താവ് സന്ദീപ് വാര്യരും സംവാദത്തിൽ പങ്കെടുത്തു. തൃശൂരിലെ പരിപാടിയിൽ, തൃശൂർ മണ്ഡലവുമായി ബന്ധപ്പെട്ട വിഷയത്തിൽ തൃശൂരിലുള്ള ആളുകളെ പങ്കെടുപ്പിക്കാതെ നടത്തിയതിലാണ് ബിജെപി ജില്ലാ നേതൃത്വം അമർഷം പ്രകടിപ്പിച്ചത്.

പരിപാടിയെ കുറിച്ചുള്ള വിവരം ജില്ലാ കമ്മിറ്റി ഓഫീസിൽ അറിയിച്ചതോടെ വിവാദമായി. ആളുകളെ എത്തിക്കണമെന്ന് ജില്ലാ നേതൃത്വത്തിനെയും മണ്ഡലം ഭാരവാഹികളെയും അറിയിച്ചിരുന്നു. എന്നാൽ, പരിപാടിക്ക് മണിക്കൂറുകൾ മാത്രം ശേഷികുമ്പോഴായിരുനു ബിജെപിയെ പ്രതിനിധീകരിക്കുന്നത് സന്ദീപ് വാര്യരാണെന്ന് അറിയിച്ചത്. തുടർന്ന്, ജില്ലാ നേതൃത്വം മണ്ഡലം നേതൃത്വത്തെയും വിലക്കി. ജില്ലാ-മണ്ഡലം ഭാരവാഹികൾ സംവാദ സ്ഥലത്തേക്ക് എത്തിയില്ല. ചാനൽ അധികൃതരേയും സംസ്ഥാന നേതൃത്വത്തേയും ജില്ലാ നേതൃത്വം ഇക്കാര്യം പരാതിയായും അറിയിച്ചു.

സീറ്റ് പ്രതീക്ഷിച്ചു കൊണ്ട് പാലക്കാട് സ്വദേശിയായ സന്ദീപ് വാര്യർ തൃശൂരിൽ വീട് വാടകയ്‌ക്കെടുത്ത് ക്യാമ്പ് ചെയ്ത് പ്രവർത്തനം ആരംഭിച്ചിരുന്നു. എ പ്‌ളസ് മണ്ഡലമായിട്ടാണ് ബിജെപി തൃശൂരിനെ കരുതുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രണ്ടാംസ്ഥാനത്തെത്തിയതോടെ വിജയസാധ്യതയുള്ള മണ്ഡലമായിട്ടാണ് തൃശൂരിനെ കണക്കാക്കുന്നത്.

സന്ദീപ് വാര്യർ തൃശൂരിൽ ക്യാമ്പ് ചെയ്യുന്നതിനെതിരെ ജില്ലാ നേതൃത്വം നേരത്തേയും പരാതി ഉന്നയിച്ചിരുന്നു. സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണൻ, സംസ്ഥാന സെക്രട്ടറി എ നാഗേഷ്, മേഖലാ സെക്രട്ടറി രവികുമാർ ഉപ്പത്ത് തുടങ്ങി പ്രമുഖ നേതാക്കൾ തൃശൂർ ജില്ലയിൽ എത്തിയിട്ടുണ്ട്. തൃശൂരിൽ നടത്തിയ പരിപാടിയിൽ ഇവരെയോ, ജില്ലാ പ്രസിഡന്റ് കെ കെ അനീഷ്‌കുമാറിനേയോ മറ്റ് ജില്ലാ ഭാരവാഹികളെയോ ജില്ലയിൽ നിന്നുള്ളവരെയോ പങ്കെടുപ്പികാത്തത് ജില്ല നേതൃത്വത്തെ അപമാനിക്കുന്നതാണെന്നാണ് നേതൃത്വം ചൂണ്ടിക്കാട്ടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button