ഇന്ത്യയിൽ തിരിച്ചുവരവിനൊരുങ്ങി ഫോഡ്; ചെന്നൈ പ്ലാന്റ് വീണ്ടും പ്രവർത്തനസജ്ജമാക്കും

ഉൽപ്പാദനവും വിൽപ്പനയും അവസാനിപ്പിച്ച് ഇന്ത്യയിൽ നിന്ന് മടങ്ങിയ ഫോഡ് മോട്ടോർ കമ്പനി വീണ്ടും തിരിച്ചുവരവിന് ഒരുങ്ങുന്നു. ചെന്നൈയിലെ ഉത്പാദന പ്ലാന്റ് പുനരുജ്ജീവിപ്പിച്ച് പൂർണമായ പ്രവർത്തനം 2029ഓടെ ആരംഭിക്കാനാണ് കമ്പനിയുടെ ലക്ഷ്യം.
2024 സെപ്റ്റംബറിൽ ഒപ്പുവച്ച ലെറ്റർ ഓഫ് ഇന്റന്റിന്റെ അടിസ്ഥാനത്തിലാണ് കമ്പനി തമിഴ്‌നാട് സർക്കാരുമായി ധാരണാപത്രം ഒപ്പുവച്ചത്. 3,250 കോടി രൂപയുടെ പ്രാരംഭ നിക്ഷേപം ഉൾപ്പെടുന്ന പദ്ധതിയിലൂടെ 600-ലധികം നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ഫോർഡ് അറിയിച്ചു. സൈറ്റ് തയ്യാറാക്കലും പ്രാരംഭ നിക്ഷേപ പ്രവർത്തനങ്ങളും ഈ വർഷാവസാനത്തോടെ ചെന്നൈ പ്ലാന്റിൽ ആരംഭിക്കും. പുതിയ സാങ്കേതികവിദ്യ ഉൾക്കൊള്ളുന്ന എഞ്ചിൻ നിർമ്മാണമാണ് പ്രധാന ലക്ഷ്യം. “ചെന്നൈ പ്ലാന്റ് ഫോർഡിന്റെ ആഗോള നിർമ്മാണ ശൃംഖലയിലെ നിർണായക കേന്ദ്രമാണ്. ഇവിടെ പ്രവർത്തനം പുനരാരംഭിക്കുന്നതിൽ ഞങ്ങൾ അതീവ സന്തോഷവാന്മാരാണ്,” എന്ന് ഫോർഡ് ഇന്റർനാഷണൽ മാർക്കറ്റ്സ് ഗ്രൂപ്പ് പ്രസിഡന്റ് ജെഫ് മാരെന്റിക് അറിയിച്ചു.
തമിഴ്‌നാട് വ്യവസായമന്ത്രി ഡോ. ടി.ആർ.ബി. രാജ ഫോർഡിന്റെ മടങ്ങിവരവിനെ സ്വാഗതം ചെയ്തു. “ഫോർഡിന്റെ ഈ തീരുമാനം സംസ്ഥാനത്തിന്റെ വൈദഗ്ധ്യമുള്ള തൊഴിൽ ശക്തിയുടെയും ശക്തമായ വ്യവസായ അടിസ്ഥാനത്തിന്റെയും തെളിവാണ്,” അദ്ദേഹം പറഞ്ഞു.
മറൈമലൈനഗറിലുള്ള 350 ഏക്കർ വിസ്തൃതിയുള്ള പ്ലാന്റാണ് ഫോഡിനുള്ളത്. ഇന്ത്യയിലെ നിലവിലുള്ള ഉപഭോക്താക്കൾക്ക് കമ്പനി സർവീസ് സപ്പോർട്ട്, ആഫ്റ്റർ മാർക്കറ്റ് പാർട്സ്, വാറന്റി സേവനങ്ങൾ എന്നിവ നൽകുന്നത് തുടരുമെന്നും കമ്പനി വ്യക്തമാക്കി. തമിഴ്‌നാട്ടിലെ ഗ്ലോബൽ ബിസിനസ് ഓപ്പറേഷൻസിൽ ഫോഡിന് 12,000 തൊഴിലാളികളോളം നിലവിൽ ജോലി ചെയ്യുന്നു. നഷ്ടവും വളർച്ചയുടെ അഭാവവും മൂലമായാണ് 2021-ൽ ഫോഡ് ഇന്ത്യയിലെ ഉൽപ്പാദനം നിർത്തിയത്. പിന്നീട് ചില മോഡലുകൾ ഇറക്കുമതി അടിസ്ഥാനത്തിൽ ഇറക്കാനുള്ള പദ്ധതിയുമായി കമ്പനി രംഗത്തെത്തിയിരുന്നു.
Tag: Ford prepares for comeback in India; Chennai plant to be operational again
 
				


