കേന്ദ്രനുമതിയില്ലാത്ത കെ-റയിൽ പദ്ധതി കോടികൾ തട്ടാനുള്ള ഉപാധി, വിദേശധനകാര്യ ഏജൻസികൾ സെക്രട്ടറിയേറ്റിന് മുകളിൽ വട്ടമിട്ട് പറക്കുന്നു.

തിരുവനന്തപുരം / കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാത്ത കെ-റയിൽ പദ്ധതി കോടികൾ തട്ടാനുള്ള ഉപാധിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു ഡി എഫ് സർക്കാരിന്റെ ബുളളറ്റ് ട്രെയിൻ പദ്ധതി എൽ ഡി എഫ് സർക്കാർ അട്ടിമറിച്ചു. തിരുവനന്തപുരം-കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളും എൽ ഡി എഫ് സർക്കാർ അട്ടിമറിക്കുകയായിരുന്നു. പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങളൊന്നും ചെയ്യാതെ വമ്പൻ പദ്ധതികൾ പ്രഖ്യാപിക്കുകയും അതിന്റെ മറവിൽ കൺസൾട്ടൻസികളെ നിയമിക്കുകയും ചെയ്യുകയാണ്. കൺസൾട്ടൻസിയുടെ മറവിൽ കോടികൾ കമ്മീഷൻ അടിക്കുകയാണ്. വിദേശത്തുളള പല ധനകാര്യ ഏജൻസികളും സെക്രട്ടറിയേറ്റിന് മുകളിലൂടെ വട്ടമിട്ട് പറക്കുകയാണ്. വിദേശ ഏജൻസികളിൽ നിന്ന് വായ്‌പയെടുത്ത് ഭൂമി ഈട് നൽകാനാണ് സർക്കാർ നീക്കം നടത്തുന്നത്. പ്രതിപക്ഷ നേതാവ് പറഞ്ഞു.
കെ-റെയിൽ പദ്ധതിയും വയനാട് തുരങ്ക പാതയുമടക്കമുളളവ തട്ടിപ്പാണ്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറാണ് പദ്ധതിയുടെ സൂത്രധാരൻ. കേന്ദ്രാനുമതി ഇല്ലാതിരുന്നിട്ടും ഭൂമി ഏറ്റെടുക്കൽ നടപടിയുമായി സർക്കാർ മുന്നോട്ട് പോവുകയാണെന്നും സ്ഥലമെടുക്കും മുമ്പ് സർവകക്ഷി യോഗം വിളിക്കണമായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. ഭൂമി ഏറ്റെടുക്കൽ നിർത്തിവയ്ക്കണമെന്നും ഭൂമി പണയപ്പെടുത്തി വായ്പയിലൂടെ കമ്മീഷൻ തട്ടുകയാണ് സർക്കാർ ലക്ഷ്യമെന്നും ചെന്നിത്തല ആരോപിച്ചു. ശിവശങ്കർ ആയിരുന്നു കെ-റെയിൽ സൂത്രധാരൻ. പദ്ധതിക്ക് വേണ്ട നടപടി ക്രമങ്ങളൊന്നും സർക്കാർ പാലിച്ചില്ല. നീതി ആയോഗും റവന്യൂ വകുപ്പും അടക്കമുളളവർ പദ്ധതിക്ക് എതിരായ നിലപാടാണ് സ്വീകരിച്ചത്. പ്രോജക്‌ട് റിപ്പോർട്ട് പോലുമില്ലാത്ത പദ്ധതികൾക്കാണ് മുഖ്യമന്ത്രി തറക്കല്ലിട്ടതെന്നും ചെന്നിത്തല ആരോപിക്കുകയുണ്ടായി. കേന്ദ്രസർക്കാർ അനുമതിയില്ലാത്ത കെ-റെയിൽ പദ്ധതി സംസ്ഥാനം എങ്ങനെ നടപ്പാക്കുമെന്ന് വ്യക്തമാക്കണം. കേന്ദ്ര റെയിൽ മന്ത്രാലയം ഈ പദ്ധതിക്ക് അംഗീകരാം നൽകിയിട്ടില്ല. കേന്ദ്ര അനുമതിയില്ലാത്ത പദ്ധതിക്ക് വിദേശ വായ്‌പ കിട്ടില്ല. സ്‌പ്രിൻക്ലർ പോലെ വലിയൊരു തട്ടിപ്പാണ് ഇതിനു പിന്നിലുളളതെന്നും രമേശ് ചെന്നിത്തല പറയുകയുണ്ടായി.