കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ബാര്‍ അസോസിയേഷന് തെരഞ്ഞെടുപ്പ് ;അഭിഭാഷകര്‍ക്ക് കൊവിഡ്

പത്തനംതിട്ട:കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പത്തനംതിട്ടയില്‍ നടന്ന ബാര്‍ അസോസിയേഷന് തെരഞ്ഞെടുപ്പിന് പിന്നാലെ രണ്ട് അഭിഭാഷകര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഡിഎംഒ യുടെ ഉത്തരവ് മറികടന്നാണ് അസോസിയേഷന് തെരഞ്ഞെടുപ്പ് നടത്തിയത്.നിര്‍ദേശങ്ങളും മുന്നറിയിപ്പുകളും അവഗണിച്ചു കൊണ്ടായിരുന്നു തെരഞ്ഞെടുപ്പ്. രോഗവ്യാപന സാഹചര്യത്തില്‍ ആറ് ആഴ്ചത്തേക്ക് തെരഞ്ഞെടുപ്പ് നടത്തരുതെന്നായിരുന്നു നിര്‍ദേശം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ബാര്‍ അസോസിയേഷന് രേഖാ മൂലം കത്ത് നല്കി.
എന്നാല്‍ മുന്നറിയിപ്പുകള്‍ അവഗണിച്ചു തെരഞ്ഞെടുപ്പിന് പിന്നാലെ ആഘോഷ പരിപാടികളും നടന്നു. ഇതില്‍ പങ്കെടുത്ത രണ്ട് പേര്‍ക്കാമ് രോഗം സ്ഥിരീകരിച്ചത്. ഇവരുമായി നിരവധി അഭിഭാഷകര്‍ സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ ഭൂരിഭാഗം അഭിഭാഷകരും ക്വാറന്റീനില്‍ പോകേണ്ടി വരും. കോവിഡ് വ്യാപന സാധ്യത നിലനില്‍ക്കുന്നതിനാല്‍ തെരഞ്ഞെടുപ്പ് വേണ്ടെന്നും ഒരു വിഭാഗം അഭിഭാഷകര്‍ ഉന്നയിച്ചിരുന്നു. ഇവരുടെ എതിര്‍പ്പും മറികടന്നായിരുന്നു തെരഞ്ഞെടുപ്പ്. സംഭവത്തില്‍ ജില്ലാ പൊലീസ് അന്വേഷണം ആരംഭിച്ചു. 332 അഭിഭാഷകരാണ് തെരഞ്ഞെടുപ്പില്‍ പങ്കെടുത്തത്.