ഉപതിരഞ്ഞെടുപ്പുകൾ മാറ്റി വെക്കാൻ ഭരണ പ്രതിപക്ഷ ആലോചന.

കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പുകൾ മാറ്റിവയ്‌ക്കണമെന്ന് ആവശ്യപ്പെടാൻ സംസ്ഥാനസർക്കാർ ആലോചിക്കുന്നു. ഇക്കാര്യത്തിൽ പ്രതിപക്ഷ നേതാവിന്റെ അഭിപ്രായം സർക്കാർ ആരാഞ്ഞിട്ടുണ്ട്. കൊവിഡ് പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് നടപടികൾ നീട്ടിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ഇതിനുള്ള പിന്തുണ മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനോട് തേടിയിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെടാമെന്ന് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ടന്ന് യു.ഡി.എഫ് യോഗത്തിൽ രമേശ് ചെന്നിത്തല പറയുകയുണ്ടായി. തദ്ദേശ തിരഞ്ഞെടുപ്പും മാറ്റി വയ്‌ക്കാൻ ആവശ്യപ്പെടുകയാണെങ്കിൽ സഹകരിക്കാമെന്ന നിലപാടിലാണ് യു.ഡി.എഫ് ഉള്ളത്.
സംസ്ഥാന നിയമസഭയ്‌ക്ക് ഇനി ആറുമാസത്തെ കാലാവധിയേ ബാക്കിയുള്ളൂ. അതിനാൽ വിജയിച്ചുവരുന്ന എം.എൽ.എമാർക്ക് അടുത്ത പൊതുതിരഞ്ഞെടുപ്പിനുളള പൊതു പെരുമാററച്ചട്ടം അടക്കമുളളവ നിലവിൽ വരുന്ന ഏപ്രിൽ മാസത്തിന് തൊട്ടുമുമ്പുവരെ മാത്രമേ പ്രവർത്തന കാലാവധി ഉണ്ടാവുകയുളളൂ. പരമാവധി അഞ്ചുമാസം മാത്രമേ എം എൽ എ മാർക്ക് ലഭിക്കൂ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൊവിഡ് പ്രൊട്ടോക്കോൾ പാലിച്ചുവേണം തിരഞ്ഞെടുപ്പ് നടത്തേണ്ടത്. ഇക്കാര്യങ്ങൾ മുൻനിർത്തിയാണ് തിരഞ്ഞെടുപ്പ് ഒഴിവാക്കാം എന്ന നിർദേശം സർക്കാർ സ്വീകരിക്കുന്നതെന്നാണ് വിവരം.
തെരെഞ്ഞെടുപ്പ് മാറ്റിവെക്കുന്ന കാര്യത്തിൽ, രാഷ്ട്രീയ പാർട്ടികൾ തമ്മിൽ ഏകാഭിപ്രായം ഉണ്ടാക്കുന്നതിന്റെ ഭാഗമായാണ് സർക്കാരിന്റെ ഭാഗത്ത് നിന്ന് പ്രതിപക്ഷ നേതാവുമായി ചർച്ച നടത്തിയത്. കാലാവധിയാണ് തിരഞ്ഞെടുപ്പ് വേണ്ടെന്ന തീരുമാനത്തിലേക്ക് സർക്കാരിനെ എത്തിക്കുന്ന മുഖ്യമായ വിഷയം. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് തിരഞ്ഞെടുപ്പ് നടത്തണമെങ്കിൽ 12 കോടിയിലധികം രൂപ ചെലവ് വരുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ തന്നെ പ്രാഥമിക കണക്കുകൾ പറയുന്നത്. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ തന്നെ ഉപതിരഞ്ഞെടുപ്പ് ആവശ്യമില്ലെന്ന് കേന്ദ്ര തിരഞ്ഞെുപ്പ് കമ്മിഷനെ അറിയിച്ചിട്ടുമുണ്ട്.
സംസഥനാത്തെ രാഷ്ട്രീയ കക്ഷികളെല്ലാം ഏകാഭിപ്രായത്തിൽ ഈ വിഷയം ആവശ്യപ്പെട്ടെങ്കിൽ മാത്രമേ തിരഞ്ഞെടുപ്പ് നടത്താതിരിക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ തയ്യാറാവു. ഈ വിഷയം ഒരു അപേക്ഷയായി തിരഞ്ഞെടുപ്പ് കമ്മിഷന് നൽകുകയും വേണം. ഇതിനായുള്ള സഹകരണം ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി പ്രതിപക്ഷനേതാവിനെ വിളിച്ച് സംസാരിച്ചത്. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പുകൾ കൂടി മാറ്റിവയ്‌ക്കണമെന്ന മറ്റൊരു ഉപാധിയാണ് പ്രതിപക്ഷം ഇക്കാര്യത്തിൽ ഉന്നയിച്ചിരിക്കുന്നത്.