ഹൈക്കോടതി മുന്‍ ജഡ്ജിയും എന്‍ഐഎ നിരീക്ഷണത്തിലോ? സ്വര്ണക്കടത്തുകൾക്ക് ഇപ്പോള്‍ ഇതാ കോടതി ബന്ധം വരെ ചര്‍ച്ചയാവുന്നു.

രാഷ്ട്രീയ ബന്ധങ്ങള്‍ മുതൽ ചര്‍ച്ചചെയ്തു തുടങ്ങിയ സ്വര്‍ണക്കടത്ത് കേസില്‍ തീവ്രവാദബന്ധവും ഇപ്പോള്‍ ഇതാ കോടതി ബന്ധം വരെ ചര്‍ച്ചയാവുന്നു. സ്വര്‍ണക്കടത്ത് കേസില്‍ ഹൈക്കോടതി മുന്‍ ജഡ്ജിയും എന്‍ ഐ എ നിരീക്ഷണത്തിലെന്ന റിപ്പോർട്ടുകൾ ആണ് ഏറ്റവും ഒടുവിൽ പുറത്ത് വന്നിരിക്കുന്നത്. ഈ ഹൈക്കോടതി മുന്‍ ജഡ്ജിയോട് എറണാകുളം ജില്ല വിട്ടുപോകരുതെന്ന് എന്‍.ഐ.എ നിര്ദേശിച്ചതായിട്ടുള്ള വിവരങ്ങൾ പുറത്ത് വന്നിരിക്കുന്നു. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ ഇദ്ദേഹത്തിന്റെ വളരെ അടുത്ത അഭിഭാഷകനായ ബന്ധുവിനെ ചെന്നൈയില്‍ എന്‍.ഐ.എ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരിക്കുന്നു. ഇതിനു മുൻപ് നടന്ന ഒരു സ്വർണ്ണക്കടത്ത് സംഭവത്തിന്റെ ഉള്ളറകൾ തേടിയതോടെയാണ്, ഹൈക്കോടതി മുന്‍ ജഡ്ജിയോട് എറണാകുളം ജില്ല വിട്ടുപോകരുതെന്ന് എന്‍.ഐ.എ നിര്‍ദേശിച്ചതായി പറയുന്നത്.
കേരളത്തിലെ സ്വര്‍ണക്കടത്തിന് കൊല്‍ക്കത്തയുമായി ബന്ധമുണ്ടെന്നും, മുന്‍ ജഡ്ജിയുടെ അടുത്ത ബന്ധുവായ അഭിഭാഷകന് മുഖേനയാണ് ഈ ബന്ധം ഉണ്ടായതെന്നും എന്‍ഐഎയുടെ കണ്ടെത്തൽ. മുന്‍ ജഡ്ജി മുമ്പ് അംഗമായിരുന്ന ഒരു ട്രസ്റ്റ് വിദേശഫണ്ട് സ്വീകരിച്ചതും അന്വേഷിക്കാനിരിക്കുന്നു. ജില്ലയിലെ ഒരു സ്കൂളിന്റെ ഫണ്ട് സമാഹരണവുമായി ബന്ധപ്പെട്ട് ഇസ്ലാമിക ബാങ്കില്‍ നിന്നു വായ്പയെടുക്കാനുള്ള ശ്രമമാണ് മുന്‍ ജഡ്ജിയ്ക്കെതിരെ സംശയം വര്‍ധിക്കാൻ കാരണമായിരിക്കുന്നത്. സര്‍വീസിലായിരുന്ന വേളയില്‍ ചില കേസുകളില്‍ പക്ഷപാതം കാണിച്ചെന്ന ആരോപണം ഈ മുൻ ജഡ്ജിയുടെ പേരിൽ നേരത്തേ ഉയര്‍ന്നിരുന്നു. ഒരു മുൻകാല സ്വര്‍ണക്കടത്തു സംഭവവുമായി ബന്ധപ്പെട്ട ജാമ്യാപേക്ഷയില്‍ തീര്‍പ്പു കല്‍പ്പിച്ചതിനെത്തുടര്‍ന്നായിരുന്നു ഈ ആരോപണം പോലും ഉണ്ടായത്.
കൊച്ചി കേന്ദ്രീകരിച്ചു നടന്ന സ്വര്‍ണക്കടത്ത് കേസ് പിഴ ഈടാക്കി വിട്ടുകൊടുക്കാന്‍ ഈ മുൻ ജഡ്ജിയുടെ വിധി വരെ ഉണ്ടായി. ഈ കേസിൽ പ്രതികളായിരുന്നവരെ കുറിച്ചും എന്‍ഐഎ അന്വേഷിക്കുന്നുണ്ടെന്നാണ് വിവരം. കേരള ഹൈക്കോടതിയില്‍ നിന്ന് വിരമിച്ചതിനു ശേഷം നഗരത്തില്‍ തന്നെ താമസമാക്കിയിരിക്കുന്ന ഈ മുൻ ജഡ്ജി മുമ്പ് ഒന്നിലേറെ തവണ സര്‍ക്കാര്‍ അഭിഭാഷകനായിരുന്നു. ഇസ്ലാമിക ബാങ്കില്‍ നിന്നു വായ്പയെടുക്കാനുള്ള ശ്രമവും, സ്വര്‍ണക്കടത്ത് കേസില്‍ ഇദ്ദേഹത്തിന്റെ അടുത്ത ബന്ധുവായ അഭിഭാഷകന് കൊല്‍ക്കത്തയിലെ മാഫിയയുമായുള്ള ബന്ധവുമാണ് അന്വേഷണം ഇദ്ദേഹത്തിലും എത്തുന്നതിനു മുഖ്യ കാരണമായിരിക്കുന്നത്. എന്നാല്‍ തിരുവനന്തപുരത്തെ സ്വര്‍ണക്കടത്തു കേസുമായി മുന്‍ ജഡ്ജിക്കോ അഭിഭാഷകനോ ബന്ധമുണ്ടോയെന്ന കാര്യം ഇനിയും അറിവായിട്ടില്ല.