Latest NewsNewsSports

മിഡ് ഫീല്‍ഡ് മാസ്‌ട്രോ’, ഫുട്ബോൾ താരം കാള്‍ട്ടണ്‍ ചാപ്മാന്‍ അന്തരിച്ചു

മിഡ് ഫീല്‍ഡ് മാസ്‌ട്രോ എന്ന പേരില്‍ പ്രസിദ്ധനായ ഇന്ത്യന്‍ മുന്‍ ദേശീയ ഫുട്‌ബോള്‍ താരം കാള്‍ട്ടണ്‍ ചാപ്മാന്‍ അന്തരിച്ചു. 49 വയസ്സായിരുന്നു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിൽസയിലിരിക്കെയായിരുന്നു അന്ത്യം. എഫ് സി കൊച്ചിന് ഉള്‍പ്പെടെ ബുട്ടണിഞ്ഞിട്ടുള്ള ചാപ്മാന്‍ 1991 മുതല്‍ 2001 ഒന്ന് വരെ ദേശീയ ടീമിനായി കളിച്ചിട്ടുണ്ട്. ക്യാപ്റ്റൻ സ്ഥാനവും വഹിച്ചിട്ടുണ്ട്.  ഇന്ത്യന്‍ മധ്യനിരയിലെ കരുത്തനായ താരമായിരുന്നു. ഒരുകാലത്ത് ഇന്ത്യന്‍ ഫുട്‌ബോളിന്റെ നെടുംതൂണായിരുന്നു ബൈച്ചൂങ് ബുട്ടിയ, ഐഎം വിജയന്‍ കാള്‍ട്ടണ്‍ ചാംപ്മാന്‍ സംഘം.

1980കളുടെ മധ്യത്തില്‍ ബാംഗ്ലൂര്‍ സായി സെന്ററിലൂടെയായിരുന്നു ചാപ്പ്മാന്റെ തുടക്കം. പിന്നീട് സതേണ്‍ ബ്ലൂസിലേക്ക് മാറിയ ചാപ്പ്മാന്‍ 1990ല്‍ ടാറ്റ ഫുട്‌ബോള്‍ അക്കാദമിയില്‍ കേഡറ്റ് ആയി. 1993ല്‍ ഈസ്റ്റ് ബംഗാള്‍ ജേഴ്‌സിയിലേക്കു മാറുംവരെ അദ്ദേഹം അവിടെ തുടര്‍ന്നു. 1995ല്‍ ജെ.സി.ടിയിലെത്തി. ജെ.സി.ടിക്കൊപ്പം 14 ടൂര്‍ണമെന്റ് വിജയങ്ങളില്‍ പങ്കാളിയായി. ഐ.എം. വിജയന്‍, ബൈച്യുങ് ബൂട്ടിയ എന്നിങ്ങനെ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച താരങ്ങളുടെ ഗണത്തിലേക്ക് ചാപ്പ്മാന്റെ പേരും എഴുതിച്ചേര്‍ക്കപ്പെട്ടു. 1997-98ല്‍ എഫ്.സി കൊച്ചിക്കായി ബൂട്ടണിഞ്ഞ താരം 1998ല്‍ തന്നെ ഈസ്റ്റ് ബംഗാളില്‍ തിരികെയെത്തി. 2001ല്‍ ഈസ്റ്റ് ബംഗാള്‍ ദേശീയ ഫുട്‌ബോള്‍ ലീഗ് കിരീടമണിയുമ്പോള്‍ ചാപ്പ്മാനായിരുന്നു നായകന്‍. തുടര്‍ന്നായിരുന്നു പ്രൊഫഷണല്‍ ഫുട്‌ബോളില്‍നിന്നും ചാപ്പ്മാന്‍ വിരമിച്ചത്. സന്തോഷ് ട്രോഫിയില്‍ കര്‍ണാടക, പഞ്ചാബ്, പശ്ചിമ ബംഗാള്‍ ടീമുകള്‍ക്കായി കളിച്ചെന്ന അപൂര്‍വ്വതയും ചാപ്പ്മാന് സ്വന്തം.

ഈസ്റ്റ് ബംഗാളിനും ജെ.സി.ടി.ക്കും കളിച്ചിട്ടുണ്ട് കാള്‍ട്ടണ്‍ ചാപ്മാന്‍. ഐ.എം. വിജയനും ജോപോള്‍ അഞ്ചേരിയും രാമന്‍ വിജയനും കളം നിറഞ്ഞ സമയത്ത് എഫ്.സി. കൊച്ചിന്റെ  മധ്യനിര നിയന്ത്രിച്ചത് കര്‍ണാടകക്കാരനായ ചാപ്മാനായിരുന്നു. 

കളി നിര്‍ത്തിയശേഷം പരിശീലകനായി. കേരളത്തില്‍ ഉള്‍പ്പെടെ പരിശീലകനായും പ്രവര്‍ത്തിച്ചിട്ടുണ്ട് ചാപ്മാന്‍. 2002 മുതല്‍ ഫുട്‌ബോള്‍ പരിശീലന രംഗത്ത് സജീവമായി. ടാറ്റ ഫുട്‌ബോള്‍ അക്കാദമിയായിരുന്നു ആദ്യ തട്ടകം. റോയല്‍ വാഹിങ്‌ദോ, ഭവാനിപുര്‍ എഫ്.സി, സുദേവ മൂണ്‍ലൈറ്റ് എഫ്.സി തുടങ്ങിയ ടീമുകളുടെ പരിശീലകനായി തിളങ്ങിയ അദ്ദേഹം 2017 മുതല്‍ കോഴിക്കോട് ആസ്ഥാനമായുള്ള ക്വാര്‍ട്‌സ് ഫുട്‌ബോള്‍ അക്കാദമിയുടെ ടെക്‌നിക്കല്‍ ഡയറക്ടറായി സേവനമനുഷ്ഠിക്കുകയായിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button