മുന്‍ മിസ് കേരള അന്‍സി കബീറും റണ്ണറപ്പ് അഞ്ജനയും കാറപകടത്തില്‍ മരിച്ചു
കൊച്ചി: മിസ് കേരള 2019 അന്‍സി കബീര്‍ (25), മിസ് കേരള 2019 റണ്ണര്‍ അപ്പ് അഞ്ജന ഷാജന്‍ (26) എന്നിവര്‍ വാഹനാപകടത്തില്‍ മരിച്ചു. ഇന്നലെ അര്‍ധരാത്രി ഒരുമണിയോടെയാണ് സംഭവം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ എറണാകുളം ബൈപാസ് റോഡില്‍ ഹോളിഡേ ഇന്‍ഹോട്ടലിനു മുന്നില്‍ വച്ചാണ് അപകടത്തില്‍ പെട്ടത്. ബൈക്കുമായി കൂട്ടിയിക്കാതിരിക്കാന്‍ പെട്ടെന്നു വെട്ടിച്ചതാണ് അപകടമുണ്ടാക്കിയത് എന്നാണ് പോലീസ് നല്‍കുന്ന വിവരം. സംഭവ സ്ഥലത്തുവച്ചു തന്നെ ഇരുവരും മരിച്ചു.
തിരുവനന്തപുരം ആറ്റിങ്ങല്‍ ആലങ്കോട് സ്വദേശിനിയാണ് അന്‍സി കബീര്‍. തൃശൂര്‍ സ്വദേശിനിയാണ് അഞ്ജന ഷാജന്‍. നാലുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേരില്‍ ഒരാളുടെ അവസ്ഥ ഗുരുതരമാണ്. ഇരുവരും എറണാകുളം മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലുണ്ട്. മരിച്ച രണ്ടുപേരുടെയും മൃതദേഹങ്ങളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.
കൊച്ചിയില്‍ നിന്ന് തൃശൂരിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. അന്‍സി കബീറിനും അഞ്ജന ഷാജനും പുറമെ സുഹൃത്തുക്കളും തൃശൂര്‍ സ്വദേശികളുമായ മുഹമ്മദ് ആഷിക്, അബ്ദുള്‍ റഹ്‌മാന്‍ എന്നിവരാണ് കാറില്‍ ഉണ്ടായിരുന്നത്.