പിണറായിക്കെതിരേ ധർമ്മടത്ത് കെ സുധാകരനെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ

കണ്ണൂർ: പിണറായി വിജയൻ മത്സരിക്കുന്ന ധർമ്മടത്ത് കെ സുധാകരനെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ രംഗത്ത്. ഇക്കാര്യമുന്നയിച്ച് സോണിയാ ഗാന്ധിക്ക് ഇ -മെയിൽ പ്രവാഹമാണ്.കണ്ണൂരിൽ നിന്നുള്ള കോൺഗ്രസ് പ്രവർത്തകരുടേതാണ് ഇ-മെയിലുകൾ.
കെ.സുധാകരൻ മത്സരിക്കണമെന്നത് കോൺഗ്രസ് പ്രവർത്തകരുടെ പൊതു വികാരമാണെന്ന് ഡിസിസി നേതാവ് മമ്പറം ദിവാകരനും പ്രതികരിച്ചു. ധർമ്മടം സീറ്റ് വേണ്ടെന്ന് ഫോർവേർഡ് ബ്ലോക്ക് നേരത്തെ തന്നെ അറിയിച്ചിരുന്നു. വിഷയത്തിൽ ദേശീയ നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.
ധർമ്മടത്ത് കെ. സുധാകരൻ മത്സരിച്ചാൽ അത് ജയത്തിലേക്ക് എത്തുമെന്നാണ് പ്രവർത്തകരുടെ വാദം. ധർമ്മടം മണ്ഡലത്തിലെ ചില പഞ്ചായത്തുകളിൽ ഭരണം നേടാൻ കോൺഗ്രസിനായിട്ടുണ്ട്. അതിനാൽ കെ. സുധാകരനെപ്പോലെയുള്ള ഒരു നേതാവ് മത്സരിച്ചാൽ അത് ശക്തമായ മത്സരത്തിലേക്ക് എത്തിക്കുമെന്നാണ് പ്രവർത്തകരുടെ പ്രതീക്ഷ.
നേരത്തെ, ധർമ്മടത്ത് മത്സരിക്കണമെന്ന കോൺഗ്രസ് നിർദ്ദേശം ഫോർവേർഡ് ബ്ലോക്ക് തള്ളിയിരുന്നു. ധർമ്മടത്തിന് പകരം മറ്റൊരു സീറ്റ് നൽകണമെന്നും അവർ ആവശ്യപ്പെട്ടു. കോൺഗ്രസ് ദേശീയ, സംസ്ഥാന നേതൃത്വങ്ങളെ പാർട്ടി ഇക്കാര്യത്തിൽ നിലപാട് അറിയിച്ചു. ഫോർവേർഡ് ബ്ലോക്കിന് നിലവിൽ ധർമ്മടം മണ്ഡലമാണ് കോൺഗ്രസ് അനുവദിച്ചിരിക്കുന്നത്. ഫോർവേർഡ് ബ്ലോക്കിന്റെ ദേശീയ ജനറൽ സെക്രട്ടറി ജി. ദേവരാജൻ ഇവിടെ മത്സരിക്കണമെന്നും കോൺഗ്രസ് നിർദേശിച്ചിരുന്നു. എന്നാൽ നിലവിൽ മണ്ഡലത്തിൽ മത്സരിക്കാനില്ലെന്നാണ് ഫോർവേർഡ് ബ്ലോക്കിന്റെ തീരുമാനം.
മറ്റേതെങ്കിലും സീറ്റ് അനുവദിക്കണമെന്നാണ് ആവശ്യം. നേരത്തെ തന്നെ ഇക്കാര്യം കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു. ചാത്തന്നൂർ അടക്കമുള്ള ചില മണ്ഡലങ്ങൾ നൽകാമെന്ന് കോൺഗ്രസ് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ അവസാനം ഇക്കാര്യത്തിൽ മാറ്റമുണ്ടായി.