ബിന്ദു സ്വര്‍ണ്ണം എത്തിച്ചത് പേസ്റ്റ് രൂപത്തില്‍,സംഭവത്തില്‍ നാല് പേര്‍ കൂടി അറസ്റ്റില്‍

മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നാല് പേര്‍ കൂടി പിടിയില്‍. പേസ്റ്റ് രൂപത്തിലാക്കിയാണ് ബിന്ദു സ്വര്‍ണ്ണം എത്തിച്ചതെന്നാണ് സൂചന. തിരുവല്ല സ്വദേശി ബിനോ വര്‍ഗീസ്, പരുമല സ്വദേശി ശിവപ്രസാദ്, എറണാകുളം സ്വദേശി സുബീര്‍, പറവൂര്‍ സ്വദേശി അന്‍ഷാദ് എന്നിവരാണ് പുതിയതായി അറസ്റ്റിലായത്. ഇവര്‍ ഇന്നലെ തന്നെ പൊലീസിന്റെ കസ്റ്റഡിയിലായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
ഇവരുള്‍പ്പെടുന്ന സ്വര്‍ണ്ണക്കടത്ത് സംഘത്തിലെ കണ്ണിയാണ് ബിന്ദുവും എന്നാണ് പൊലീസ് പറയുന്നത്. പല തവണ ബിന്ദു സ്വര്‍ണ്ണം കടത്തിയിട്ടുണ്ട്. ഈ മാസം 19നാണ് ബിന്ദു അവസാനമായി സ്വര്‍ണ്ണം കടത്തിയത്. അന്ന് ബെല്‍റ്റിനുള്ളില്‍ പേസ്റ്റ് രൂപത്തിലാക്കിയ നിലയിലാണ് സ്വര്‍ണ്ണം കടത്തിയത്.
ഈ സ്വര്‍ണ്ണം കൊടുവള്ളിയിലുള്ള രാജേഷിന് കൈമാറണമെന്നായിരുന്നു ധാരണ. എന്നാല്‍, ഇത് തെറ്റിച്ചതോടെയാണ് സംഘം ബിന്ദുവിനെ തട്ടിക്കൊണ്ടുപോയത്. സ്വര്‍ണ്ണക്കടത്ത് കേസ് ആയതിനാല്‍ കസ്റ്റംസും സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്. കസ്റ്റംസ് ഇന്ന് മാന്നാറിലെത്തി തെളിവുകള്‍ ശേഖരിക്കും.