കരിപ്പൂരിൽ കള്ളക്കടത്തിന് കൂട്ടുനിന്ന കസ്റ്റംസ് സൂപ്രണ്ട് ഉൾപ്പെടെ നാല് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

കോഴിക്കോട്/ കരിപ്പൂർ വിമാനത്താവളത്തിൽ കള്ളക്കടത്തിന് കൂട്ടുനിൽക്കുന്നതായി കണ്ടെത്തിയ കസ്റ്റംസ് സൂപ്രണ്ട് ഉൾപ്പെടെ നാല് കസ്റ്റംസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. കഴിഞ്ഞ ദിവസം നടന്ന സി.ബി.ഐ റെയ്ഡിന് പിന്നാലെയാണ് നാല് കസ്റ്റംസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന റെയ്ഡിൽ കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്ന് കണക്കിൽപെടാത്ത പണവും സ്വർണവും സി.ബി.ഐ പിടികൂടിയിരുന്നു
കസ്റ്റംസിന്റെ ഡ്യൂട്ടി ഓഫീസിൽ നിന്ന് മാത്രം 650 ഗ്രാം സ്വർണമാണ് സി.ബി.ഐ പിടിച്ചെടുത്തത്. മൂന്നര ലക്ഷം രൂപയും കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്നും കണ്ടെടുക്കുകയുണ്ടായി. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രക്കാരിൽ നിന്ന് 750 ഗ്രാം സ്വർണവും പിടിച്ചെടുക്കുകയുണ്ടായി.
വിദേശ സിഗരറ്റ് പെട്ടികളും സി.ബി.ഐ പിടിച്ചെടുത്തവയിൽ പെടും. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രക്കാരെ വീണ്ടും അകത്തേക്ക് വിളിച്ച് സി.ബി.ഐ അന്വേഷണ സംഘം പരിശോധിക്കുമ്പോഴാണ് 750 ഗ്രാം സ്വർണവും സിഗരറ്റ് പെട്ടികളും പിടികൂടുന്നത്. വിമാനത്താവളത്തിൽ യാത്രക്കാരെ പരിശോധന നടത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇവ കടത്തിക്കൊണ്ടു പോകാൻ കൂട്ടുനിൽക്കുകയായിരുന്നു.