പ്രകൃതിയോടിണങ്ങി നാല് ദിവസങ്ങള്‍: കടമക്കുടി ഫെസ്റ്റിന് സമാപനം
എറണാകുളം: വലവീശിയും ചൂണ്ടയിട്ടും പൊക്കാളിപ്പാടങ്ങള്‍ കൊയ്തും പ്രകൃതിയോട് ചേര്‍ന്ന് നിന്ന കടമക്കുടി ഫെസ്റ്റിന് സമാപനം. ജില്ല കലക്ടര്‍ ജാഫര്‍ മാലിക് അവസാന ദിവസം അതിഥിയായെത്തി. കൂടാതെ ഫോര്‍ട്ട്കൊച്ചി സബ് കലക്ടര്‍ പി. വിഷ്ണുരാജ്, ദേവികുളം സബ് കലക്ടര്‍ രാഹുല്‍ കൃഷ്ണ, ആലപ്പുഴ സബ് കലക്ടര്‍ സൂരജ് ഷാജി എന്നിവരും കടമക്കുടിയെ കാണാനെത്തി. എറണാകുളം ഗവ. ലോ കോളേജിലെയും തൃക്കാക്കര ഭാരത്മാതാ കോളേജിലെയും വിദ്യാര്‍ഥികളും കര്‍ഷക തൊഴിലാളികളും ചേര്‍ന്ന് കൊയ്തെടുത്ത കറ്റകള്‍ കലക്ടര്‍ക്ക് കൈമാറി.
വിദ്യാര്‍ഥികളുടെ ആവേശത്തെയും ഫെസ്റ്റിന് പിന്നിലുള്ള ആശയത്തേയും കലക്ടര്‍ പ്രശംസിച്ചു. ദേശീയ, സംസ്ഥാന അവാര്‍ഡ് ജേതാവ് രജീഷ് മുളവുകാട് അവതരിപ്പിച്ച നാടന്‍പാട്ട് ആസ്വദിച്ച ശേഷമാണ് കലക്ടറും സംഘവും മടങ്ങിയത്. നാടിന് ഉത്സവച്ഛായ പകര്‍ന്നാണ് വില്ലേജ് ഫെസ്റ്റ് സമാപിച്ചത്. നാല് ദിവസവും വിവിധ കോളേജുകളിലെ വിദ്യാര്‍ഥികള്‍ നാട്ടുകാരോടൊപ്പം കൊയ്ത്തിനിറങ്ങിയതാണ് കൊയ്ത്തുത്സവത്തെ വ്യത്യസ്തമാക്കിയത്.
അഞ്ച് ഏക്കര്‍ സ്ഥലത്തെ പൊക്കാളി നെല്ല് നാല് ദിവസങ്ങള്‍ കൊണ്ട് കൊയ്തെടുത്തു. എറണാകുളം എംപി ഹൈബി ഈഡന്, വൈപ്പിന്‍ എംഎല്‍എ കെ.എന്‍. ഉണ്ണികൃഷ്ണന്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കടമക്കുടി പഞ്ചായത്ത് പ്രസിഡന്റ് മേരി വിന്‍സന്റ്, വൈസ് പ്രസിഡന്റ് വിപിന്‍ രാജ് തുടങ്ങിയവരും കൊയ്ത്തുത്സവത്തില്‍ അതിഥികളായി എത്തി. വില്ലേജ് ഫെസ്റ്റിന് മാറ്റ് കൂട്ടി ചൂണ്ടയിടല്‍ മത്സരം, വലയെറിയുവാനുള്ള പരിശീലനം, കയാക്കിംഗ്, മഡ് ഗെയിം, ഞണ്ട് പിടുത്തം എന്നിവയും നടന്നു. വിവിധ വിഷയങ്ങളില്‍ സെമിനാറുകളും സംഘടിപ്പിച്ചു.
എറണാകുളം ജില്ല പഞ്ചായത്ത്, കടമക്കുടി ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ ജൈവകര്‍ഷകര്‍, അക്വാഫാം ഉടമകള്‍, വില്ലേജ് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് വില്ലേജ് ഫെസ്റ്റ് നടന്നത്. കടമക്കുടിയിലെ നിരവധി സ്ത്രീകള്‍ ചേര്‍ന്നുകൊണ്ട് വൈകുന്നേരങ്ങളില്‍ ഫുഡ് ഫെസ്റ്റും സംഘടിപ്പിച്ചു. കൊയ്ത്ത് പാട്ട്, നാടന്‍ പാട്ട് എന്നിവ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കലാസന്ധ്യകളില്‍ പ്രമുഖ കലാകാരന്മാര് പങ്കെടുത്തു. പൊക്കാളി കൃഷിയുടെ പ്രധാന്യം പുതു തലമുറയിലേക്ക് എത്തിക്കുന്നതിനും കടമക്കുടിയുടെ ടൂറിസം സാധ്യതകള്‍ ലോകത്തിന് മുമ്പാകെ അവതരിപ്പിക്കുന്നതിനും ലക്ഷ്യം വച്ചാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്.