ദുര്‍ഗാപൂജ ഘോഷയാത്രയിലേക്ക് കാര്‍ ഇടിച്ചുകയറി നാല് മരണം
റായ്പൂര്‍: ദുര്‍ഗാപൂജയുടെ ഭാഗമായി നടന്ന ഘോഷയാത്രക്കിടയിലേക്ക് കാര്‍ ഇടിച്ചു കയറി നാലുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഛത്തീസ്ഗഡിലെ ജാഷ്പുരിലാണ് ഈ ദാരുണ സംഭവം നടന്നത്. കാറില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുണ്ട്.
ദുര്‍ഗാപൂജയുടെ ഭാഗമായി ദേവിയുടെ പ്രതിമ നിമഞ്ജനം ചെയ്യാന്‍ പുറപ്പെട്ട വിശ്വാസികള്‍ക്ക് ഇടയിലേക്കാണ് വാഹനം ഇടിച്ചുകയറിയത്. ഈസമയത്ത് വാഹനത്തിന് നൂറ് മുതല്‍ 120 കിലോമീറ്റര്‍ വരെ വേഗത ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ നടുക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ജാഷ്പുരിലെ പത്തല്‍ഗാവ് സ്വദേശിയായ ഗൗരവ് അഗര്‍വാള്‍ (21) ആണ് മരിച്ചവരില്‍ ഒരാള്‍.
പരിക്കേറ്റവരെ പത്തല്‍ഗാവ് സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മധ്യപ്രദേശ് നമ്പര്‍ പ്ലേറ്റുള്ള കാറാണ് ഇടിച്ചത്. രോഷാകുലരായ നാട്ടുകാര്‍ കാര്‍ അടിച്ചു തകര്‍ത്തു. രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തതായി ജില്ല പോലീസ് മേധാവിയുടെ ഓഫിസ് അറിയിച്ചു. മധ്യപ്രദേശിലെ സിങ്രോളി സ്വദേശികളായ ബബ്ലു വിശ്വകര്‍മ (21), ശിശുപാല്‍ സാഹു (26) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തിയ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ അന്വേഷണത്തിന് ഉത്തരവിട്ടു.