വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ അഴിമതി ആരോപണം
തിരുവനന്തപുരം: കേരളത്തിന്റെ വിജിലന്‍സ് ഡയറക്ടര്‍ സുദേഷ് കുമാറിനെതിരെ അഴിമതി ആരോപണം. അങ്കമാലി സ്വദേശിയായ ബി.വി. രവീന്ദ്രനാണ് സുദേഷ് കുമാറിനെതിരെ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ വിവിധ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. സംസ്ഥാന പോലീസ് മേധാവിയായിരുന്ന ലോക്‌നാഥ് ബെഹ്‌റ സ്ഥാനമൊഴിഞ്ഞപ്പോള്‍ ആ പദവിയിലേക്ക് പരിഗണിച്ചിരുന്നവരില്‍ ഒരാളാണ് സുദേഷ് കുമാര്‍. അഴിമതികളെക്കുറിച്ചന്വേഷിക്കേണ്ട വിജിലന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ മേധാവി തന്നെ അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണെന്നാണ് ആരോപണം.
തിരുവനന്തപുരത്തെ ഒരു പ്രമുഖ ജ്വല്ലറിയില്‍ നിന്നും സുദേഷ് കുമാര്‍ ഒരു ആഭരണം വാങ്ങിയത് 95 ശതമാനം ഡിസ്‌കൗണ്ടിലാണെന്നാണ് പുറത്തുവരുന്ന വിവരം. വിലയുടെ അഞ്ച് ശതമാനം ഡിസ്‌കൗണ്ട് ഓഫര്‍ ചെയ്ത ജ്വല്ലറി ജനറല്‍ മാനേജരെ ഭീഷണിപ്പെടുത്തി വെറും അഞ്ചു ശതമാനം വില കൊടുത്ത് ആഭരണം വാങ്ങിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇന്‍വോയ്‌സില്‍ ഈ ഡിസ്‌കൗണ്ട് രേഖപ്പെടുത്തിയിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നുണ്ട്.
സുദേഷ് കുമാര്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ വിദേശയാത്രകള്‍ നടത്തിയതായും പരാതിയിലുണ്ട്. 2016 ഒക്ടോബര്‍ 28ന് കുടുംബസമേതം 12 ദിവസത്തെ ചൈന യാത്ര നടത്തി. വടക്കന്‍ കേരളത്തില്‍ ജോലി നോക്കിയിരുന്ന സുദേഷ് കുമാറിന്റെ വിദേശയാത്രയുടെ മുഴുവന്‍ ചിലവും ഖത്തറില്‍ ബിസിനസ് ചെയ്യുന്ന കോഴിക്കോട് സ്വദേശിയാണ് വഹിച്ചത്. ഏകദേശം 15 ലക്ഷം രൂപയോളമായിരുന്നു ഈ യാത്രയുടെ ചിലവ്. ഖത്തറിലും ദുബായിലും അനുമതിയില്ലാതെ ആറുതവണ സുദേഷ് കുമാര്‍ യാത്ര ചെയ്തതായും പരാതിയില്‍ പറയുന്നു.
ഈ യാത്രകളുടെ ചിലവും നാട്ടുകാരുടെ പോക്കറ്റില്‍ നിന്നാണ്. മോട്ടോര്‍ വാഹന വകുപ്പിന്റെ ചുമതല വഹിക്കവേ ആകര്‍ഷകമായ പോസ്റ്റിംഗിന് കൈക്കൂലി വാങ്ങി ലക്ഷങ്ങളാണ് സമ്പാദിച്ചത്. ഇവയെല്ലാം യുഎഇയില്‍ ജോലി ചെയ്യുന്ന മകന്റെ അക്കൗണ്ടില്‍ നിക്ഷേപിക്കാനായി സുദേഷ് കുമാര്‍ ദുബായിലേക്ക് പോയി. ബിഎസ്എഫിലെ തന്റെ ബന്ധം വഴി സിഐഎസ്എഫിലെ വിഐപി സംവിധാനം ഉപയോഗിച്ചായിരുന്നു പണം കടത്തിയത്. ഈ പണം യുഎഇ ഐഡിയുള്ള മറ്റൊരു മലയാളിയുടെ അക്കൗണ്ട് ഉപയോഗിച്ച് മാറ്റിയെടുത്ത് പിന്നീട് മകന്റെ അക്കൗണ്ടില്‍ നിക്ഷേപിക്കുകയായിരുന്നു. യുഎഇയിലെ പ്രമുഖ മാളില്‍ സുദേഷ് കുമാര്‍ തന്റെ മകന് ജോലി തരപ്പെടുത്തി. ഈ മാള്‍ ചെയിനിലെ രണ്ട് മുഖ്യ അംഗങ്ങള്‍ തീരദേശ കൈയേറ്റ നിയമലംഘന കേസില്‍ ആരോപണ വിധേയരായവരാണ്.
ഈ കേസ് ഇപ്പോള്‍ വിജിലന്‍സ് അന്വേഷിച്ച് വരികയാണ്. എങ്ങനെയാണ് തന്റെ മകന് ജോലി തരപ്പെടുത്തിയ അതേകമ്പനിക്ക് എതിരെ വിജിലന്‍സ് ഡയറക്ടര്‍ക്ക് അന്വേഷണം നടത്താന്‍ കഴിയുക എന്നു പരാതിക്കാരന്‍ ചോദിക്കുന്നു. അര്‍ഹതയില്ലാതെയാണ് സുദേഷ് കുമാറിന്റെ മകന് ജോലി തരപ്പെടുത്തിയതെന്നും ആരോപണമുണ്ട്. അന്വേഷണം നടത്താന്‍ സുദേഷ് കുമാറിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.