പാലുതൊണ്ടയിൽ കുടുങ്ങി നാല് മാസം പ്രായമായ ശിശു മരിച്ച സംഭവം; റിപ്പോർട്ട് തേടി ജില്ലാ പട്ടികവർഗ വികസന ഓഫീസർ
പാലക്കാട് മീനാക്ഷിപുരം സർക്കാർപതി ആദിവാസി കോളനിയിൽ പാലുതൊണ്ടയിൽ കുടുങ്ങി നാല് മാസം പ്രായമായ ശിശു മരിച്ച സംഭവത്തിൽ ജില്ലാ പട്ടികവർഗ വികസന ഓഫീസർ റിപ്പോർട്ട് ആവശ്യപ്പെട്ടു. ചിറ്റൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസറോടാണ് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം നൽകിയിരിക്കുന്നത്. കൂടാതെ, കുഞ്ഞിന്റെ അമ്മയ്ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ തടസപ്പെട്ടെന്ന പരാതിയിൽ അന്വേഷണം നടത്താനും തീരുമാനമായി.
ഇന്നലെയായിരുന്നു പാർത്ഥിപൻ– സംഗീത ദമ്പതികളുടെ കുഞ്ഞിന്റെ മരണം. മുലപ്പാൽ നൽകുന്നതിനിടെ കുഞ്ഞിന് അനക്കമില്ലെന്ന് കണ്ടതോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതിന് പിന്നാലെ ഗർഭകാലത്ത് ലഭിക്കേണ്ടിയിരുന്ന സർക്കാർ ആനുകൂല്യങ്ങൾ ലഭിച്ചില്ലെന്നാരോപിച്ച് സംഗീത രംഗത്തെത്തിയിരുന്നു.
മരണം സംഭവിച്ചതിനെത്തുടർന്ന് ജില്ലാ പട്ടികവർഗ വികസന ഓഫീസർ വിഷയത്തിൽ ഇടപെട്ടു. നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ ഭാരം വെറും 2.2 കിലോഗ്രാം മാത്രമായിരുന്നു. പോഷകാഹാരക്കുറവുണ്ടായിരുന്നുവെന്ന് മാതാപിതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. രണ്ടുവർഷം മുൻപ് ദമ്പതികളുടെ ആദ്യ പെൺകുഞ്ഞും സമാന സാഹചര്യത്തിൽ മരിച്ചിരുന്നു.
Tag: Four-month-old baby dies after getting stuck in milk; District Scheduled Tribe Development Officer seeks report