ധൻബാദ്– ആലപ്പുഴ എക്സ്പ്രസ് ശുചിമുറിയിൽ നാല് മാസം പ്രായമുള്ള ഭ്രൂണം കണ്ടെത്തി
ധൻബാദ്– ആലപ്പുഴ എക്സ്പ്രസ് ട്രെയിനിലെ എസ്-3 കോച്ചിന്റെ ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. വേസ്റ്റ് ബിന്നിൽ ഉപേക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രാഥമിക പരിശോധനയിൽ, ഏകദേശം നാല് മാസം പ്രായമുള്ള ഭ്രൂണമാണിതെന്ന് കണ്ടെത്തി.
ഇന്നലെ രാത്രി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (RPF) നടത്തിയ പതിവ് പരിശോധനയിലാണ് സംഭവം പുറത്ത് വന്നത്. സംശയാസ്പദമായ സാഹചര്യത്തിൽ മൃതദേഹം കണ്ടതിനെ തുടർന്ന് ആർ.പി.എഫ് ഉടൻ കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി എസ്-3 കോച്ചിൽ യാത്ര ചെയ്തവരുടെ വിവരങ്ങൾ ശേഖരിച്ച് പരിശോധന ആരംഭിച്ചു. മൃതദേഹം ആലപ്പുഴ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടം നടത്തുമെന്ന് അധികൃതർ അറിയിച്ചു. കുറ്റവാളികളെ കണ്ടെത്താൻ ഊർജിതമായ അന്വേഷണം തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാക്കുന്നതിനായി സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കുന്നതായി ആർ.പി.എഫ് വ്യക്തമാക്കി.
Tag: Four-month-old fetus found in toilet of Dhanbad-Alappuzha Express