കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് നാലാം ക്ലാസുകാരി മരിച്ച സംഭവം; പൊതുജലാശയങ്ങൾ ഉപയോഗിക്കുന്നതിന് കർശന വിലക്ക്
കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് നാലാം ക്ലാസുകാരി മരിച്ചതിനെ തുടര്‍ന്ന് താമരശ്ശേരി പഞ്ചായത്ത് ആരോഗ്യ വകുപ്പ് കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചു. പഞ്ചായത്ത് പരിധിയിലെ എല്ലാ ജലാശയങ്ങളിലും ഇറങ്ങുന്നതിനും കുളിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
രണ്ടാഴ്ച മുമ്പ് നാലാം ക്ലാസുകാരി അനയ ഇവിടെ കുളത്തില്‍ നീന്താന്‍ എത്തിയിരുന്നു. കുട്ടികള്‍ നീന്തല്‍ പരിശീലനത്തിനും വിനോദത്തിനുമായി സ്ഥിരമായി എത്തുന്ന സ്ഥലമായതിനാലാണ് നടപടി ശക്തമാക്കിയത്. ഇതിനിടെ, കുളത്തില്‍ കുളിച്ച കുട്ടികളുടെ വിവരശേഖരണം ആരോഗ്യ വകുപ്പ് ആരംഭിച്ചു.
പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം, അനയുടെ മരണകാരണം അമീബിക് മസ്തിഷ്ക ജ്വരമാണെന്ന് സ്ഥിരീകരിച്ചു. കുട്ടിയുടെ സ്രവം കൂടുതല്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
പനി ബാധിച്ചതിനെ തുടര്‍ന്ന് ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ കുട്ടിയെ, ആരോഗ്യനില മോശമായതോടെ മൂന്നുമണിയോടെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. എന്നാല്‍, ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയുടെ നില ഗുരുതരമായിട്ടും ആശുപത്രി മാറ്റം വൈകിച്ചതായാണ് കുടുംബത്തിന്റെ പരാതി.
ഓപിയില്‍ എത്തിയപ്പോള്‍ ആരോഗ്യനില അത്ര മോശമായിരുന്നില്ലെന്നും ആവശ്യമായ ചികിത്സ നല്‍കിയതാണെന്നും, വൈകിയെന്ന ആരോപണം തെറ്റാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഇതേസമയം, അയല്‍വാസിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ താമരശ്ശേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു.
Tag: Fourth standard girl dies of amoebic encephalitis in Kozhikode; strict ban on using public water bodies