Latest News

താലിബാന്‍ ഞെട്ടല്‍ മാറാതെ തിരിച്ചെത്തിയ മലയാളി

താലിബാന്‍ പിടിയില്‍ നിന്ന് ജീവനോടെ പുറത്തുകടന്നതിന്റെ ആശ്വാസവും സന്തോഷവും പങ്കുവക്കുകയാണ് ഇന്ത്യയുലെത്തിയവര്‍. അഫ്ഗാനിസ്ഥാനില്‍നിന്ന് ഇന്ത്യയില്‍ മടങ്ങിയെത്തിയ മലയാളി ദീദില്‍ പാലക്കണ്ടി
താലിബാനെ നേരില്‍ കണ്ട അനുഭവം ഒരു സ്വകാര്യ ചാനലിലോട് പങ്ക് വച്ചിരുന്നു. റോക്കറ്റ് ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ താലിബാന്റെ പക്കലുണ്ടായിരുന്നു എന്നും പരിശോധനകള്‍ക്ക് ശേഷമാണ് വിട്ടയച്ചത്. ഇന്ത്യന്‍ സര്‍ക്കാരിന്റെ ഇടപെടല്‍ കാര്യക്ഷമമായിരുന്നെന്നും ദീദില്‍ പറഞ്ഞു. അഫ്ഗാനിസ്ഥാനില്‍നിന്നുള്ള രക്ഷാദൗത്യം ഇന്ത്യ ഊര്‍ജിതമാക്കിയിട്ടുണ്ട്. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ വിമാനങ്ങളിലും ഒരു വ്യോമസേന വിമാനത്തിലുമായി 390 പേരെ ഞായറാഴ്ച തിരിച്ചെത്തിച്ചു. അമ്പതോളം മലയാളികളും സംഘത്തിലുണ്ട്.

അതേസമയം കാബൂളില്‍നിന്ന് ജീവനോടെ പുറത്തുകടന്നതിന്റെ ആശ്വാസവും സന്തോഷവും പങ്കുവക്കുകയാണ് ഇന്ത്യയിലെത്തിയ അഫ്ഗാന്‍ സ്ത്രീ. ഗാസിയാബാദിലെ വ്യോമതാവളത്തില്‍ സുരക്ഷിതയായി എത്തിയ ശേഷമാണ് ഇന്ത്യയ്ക്ക് നന്ദി പറഞ്ഞ് അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. കാബൂള്‍ പിടിച്ചടക്കിയ താലിബാന്‍ ഭീകരര്‍ തന്റെ വീട് ചുട്ടെരിച്ചെന്നും രക്ഷയ്‌ക്കെത്തിയത് ഇന്ത്യക്കാരാണെന്നും അവര്‍ പറഞ്ഞു. മകളും പേരക്കുട്ടികളുമായാണ് അവര്‍ ഇന്ത്യയിലെത്തിയത്. രക്ഷിക്കാന്‍ ഇന്ത്യന്‍ എംബസി കാണിച്ച കരുണയ്ക്ക് എന്നും കടപ്പെട്ടിരിക്കുമെന്നും അവര്‍ വാര്‍ത്താ ഏജന്‍സിയായ എന്‍എന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. എംപിമാരടക്കമുള്ള അഫ്ഗാന്‍ പൗരന്‍മാരെയും വ്യോമസേനയുടെ വിമാനത്തില്‍ ഇന്ത്യയില്‍ എത്തിച്ചിരുന്നു.

അഫ്ഗാനിസ്ഥാനില്‍ ഇരുപതു വര്‍ഷം കൊണ്ടു നിര്‍മിച്ചതെല്ലാം നഷ്ടപ്പെട്ടെന്ന ആണ്് ഇന്ത്യന്‍ സംഘത്തിനൊപ്പം കാബൂളില്‍നിന്നെത്തിയ അഫ്ഗാന്‍ എംപി നരേന്ദര്‍ സിങ് ഖല്‍സ പറഞ്ഞത്. എല്ലാം ശൂന്യമായിരിക്കുന്നെന്നും അദ്ദേഹം കണ്ണീരോടെ പറഞ്ഞു. ഇന്ത്യന്‍ പൗരന്മാരോടൊപ്പം വ്യോമസേന വിമാനത്തില്‍ ഡല്‍ഹിയിലെത്തിയതാണ് നരേന്ദര്‍ സിങ് ഖല്‍സ. ഹിന്ദോണ്‍ വ്യോമതാവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം വിതുമ്പിയത്.

നേരത്തെ, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഖല്‍സ നന്ദിയര്‍പ്പിച്ചിരുന്നു. ഇന്ത്യക്കാര്‍ക്കൊപ്പം അഫ്ഗാനിലെ സിഖ് സമൂഹത്തേയും രക്ഷിക്കാന്‍ നടപടി സ്വീകരിച്ചതിനാണ് അദ്ദേഹം നന്ദിയര്‍പ്പിച്ചത്. ശനിയാഴ്ച രാത്രി കാബൂള്‍ വിമാനത്താവളത്തില്‍വച്ചാണ് നന്ദിയര്‍പ്പിച്ചുകൊണ്ടുള്ള വിഡിയോ റെക്കോര്‍ഡ് ചെയ്തത്. രണ്ട് എംപിമാരുള്‍പ്പെടെ 24 സിഖ് വിഭാഗത്തില്‍പ്പെട്ട ആളുകളെയാണ് ഇന്ത്യ രക്ഷിച്ചത്. വിമാനത്താവളത്തിലെത്താന്‍ തുടര്‍ച്ചയായി ശ്രമിക്കുകയായിരുന്നെന്നും എന്നാല്‍ സാധിച്ചില്ലെന്നും മറ്റൊരു സിഖ് യാത്രക്കാരന്‍ പറഞ്ഞു. താലിബാന്‍ ക്രൂരമായാണ് പെരുമാറിയത്. തങ്ങളെ തടഞ്ഞുവച്ചു. എന്തിനാണ് പോകുന്നതെന്നും പോകേണ്ട ആവശ്യമില്ലെന്നും താലിബാന്‍ അറിയിച്ചു. നിരവധി പ്രതിസന്ധികള്‍ കടന്നാണ് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button