Kerala NewsLatest NewsNewsPolitics

ബോര്‍ഡ്, കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനങ്ങള്‍ കൂടുതലും കൈയടക്കിയത് സിപിഎം

തിരുവനന്തപുരം: തങ്ങളുടെ അപ്രമാദിത്വം ഘടക കക്ഷികളില്‍ അടിച്ചേല്‍പിച്ച് സിപിഎം. ഇടത് മുന്നണിയില്‍ ബോര്‍ഡ്, കോര്‍പ്പറേഷന്‍ വിഭജന പ്രക്രിയ പൂര്‍ത്തിയാകുമ്പോള്‍ ബഹുഭൂരിപക്ഷം സ്ഥാനങ്ങളും കൈയിലൊതുക്കിയിരിക്കുകയാണ് സിപിഎം. 150ഓളം ബോര്‍ഡ്- കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനങ്ങളില്‍ സിപിഐക്ക് 15ഉം കേരള കോണ്‍ഗ്രസ് എമ്മിന് ആറും സ്ഥാനങ്ങളാണ് നല്‍കിയിട്ടുള്ളത്.

ജനതാദള്‍-എസ്, ലോക് താന്ത്രിക് ജനതാദള്‍, എന്‍സിപി, ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നിവയ്ക്ക് രണ്ട് വീതവും കോണ്‍ഗ്രസ്-എസ്, ഐഎന്‍എല്‍, കേരള കോണ്‍ഗ്രസ്-ബി എന്നിവയ്ക്ക് ഓരോ ചെയര്‍മാന്‍ സ്ഥാനങ്ങളും ലഭിക്കും. ബാക്കിയുള്ള സ്ഥാനങ്ങള്‍ സിപിഎമ്മിനുള്ളതാണ്. മുന്നണിയിലെ ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ്-സ്‌കറിയ തോമസ് വിഭാഗത്തിനും മുന്നണിക്ക് പുറത്ത് നിന്ന് സഹകരിക്കുന്ന ആര്‍എസ്പി-ലെനിനിസ്റ്റിനും ചെയര്‍മാന്‍ സ്ഥാനങ്ങളില്ല.

വിവിധ സ്ഥാപനങ്ങളില്‍ ഡയറക്ടര്‍ സ്ഥാനങ്ങളും വിഭജിച്ചിട്ടുണ്ട്. മാണി ഗ്രൂപ്പിനും ജനതാദള്‍-എസിനുമാണ് ചെറു കക്ഷികളില്‍ കൂടുതല്‍ ഡയറക്ടര്‍ സ്ഥാനങ്ങള്‍ ലഭിക്കുക. മറ്റുള്ളവയ്ക്ക് നാല് മുതല്‍ ആറ് വരെ സ്ഥാനങ്ങള്‍ ലഭിക്കും. ജനതാദള്‍-എസിന്റെ കൈയിലിരുന്ന സുപ്രധാന സ്ഥാപനമായ കേരള വനം വികസന കോര്‍പ്പറേഷന്‍ ഇക്കുറി എന്‍സിപിക്ക് നല്‍കി. ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ കാലാകാലങ്ങളില്‍ ഐഎന്‍എല്ലിന് നല്‍കിപ്പോന്നത് ഇക്കുറി മാണി ഗ്രൂപ്പിന് കൈമാറി.

വ്യവസായ, തൊഴില്‍, സാംസ്‌കാരിക വകുപ്പുകളുടെ കീഴിലാണ് ഏറ്റവുമധികം സ്ഥാപനങ്ങളുള്ളത്. ഇവയില്‍ ബഹുഭൂരിപക്ഷവും സിപിഎമ്മിനാണ്. ഉഭയകക്ഷി ചര്‍ച്ചകളിലൂടെയാണ് സിപിഎം ഘകകക്ഷികള്‍ക്കുള്ള സ്ഥാനങ്ങള്‍ വീതംവച്ചത്. ഘടക കക്ഷികള്‍ക്ക് സ്ഥാനങ്ങള്‍ ലഭിക്കാത്തതില്‍ അതൃപ്തിയുണ്ടെങ്കിലും നിശബ്ദത പാലിക്കുകയാണ്. അതൃപ്തി പ്രകടമാക്കിയാലും കാര്യമില്ലെന്ന തിരിച്ചറിവാണ് അവരെ നിശബ്ദരാക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button