ഗുരുവായൂര്‍ ക്ഷേത്രത്തിലെ പണം തട്ടിപ്പ്; 27 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ ബാങ്ക് ജീവനക്കാരന്‍ അറസ്റ്റില്‍
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പണം തട്ടിപ്പ് നടത്തിയ ബാങ്ക് ജീവനക്കാരന്‍ അറസ്റ്റില്‍. വഴിപാടായി വിശ്വാസികള്‍ വാങ്ങുന്ന സ്വര്‍ണ ലോക്കറ്റുകളുടെ പണം ബാങ്കില്‍ നിക്ഷേപിക്കുന്നതില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടന്ന സംഭവത്തിലാണ് ഇയാള്‍ പിടിയിലായത്. ബാങ്ക് ജീവനക്കാരനായ നന്ദകുമാറാണ് അറസ്റ്റിലായത്. കണക്കില്‍പ്പെടുത്താതെ 27 ലക്ഷം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്്.
ക്ഷേത്രത്തില്‍ നിന്ന് വിശ്വാസികള്‍ വാങ്ങുന്ന സ്വര്‍ണ്ണം , വെള്ളി ലോക്കറ്റുകളുടെ പണം ദിവസവും ബാങ്കില്‍ അടയ്‌ക്കേണ്ട ചുമതല പഞ്ചാബ് നാഷണല്‍ ബാങ്കിലെ ക്ലാര്‍ക്കായ നന്ദകുമാറിനായിരുന്നു. ഈ തുകയിലാണ് ഇയാള്‍ തിരിമറി നടത്തിയത്. 2019-20 ലെ കണക്കിലാണ് ദേവസ്വം ഇന്റേണല്‍ ഓഡിറ്റ് വിഭാഗം 16 ലക്ഷം രൂപയുടെ കുറവ് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 27 ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.
ഗുരുവായൂര്‍ ദേവസ്വം നല്‍കിയ പരാതിയെത്തുടന്നാണ് ടെപിള്‍ പൊലീസ് കേസ് അന്വേഷിച്ചത്. ദേവസ്വത്തില്‍ നല്‍കുന്ന രസീതിയില്‍ ഒരു തുകയും ബാങ്കില്‍ രേഖപ്പെടുത്തുമ്പോള്‍ മറ്റൊരു തുകയുമാണ് ഇയാള്‍ രേഖപ്പെടുത്തിയത്. ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി ബാങ്ക് ഇയാളെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ദേവസ്വത്തിന്റെ 16 ലക്ഷം രൂപ ബാങ്ക് തിരിച്ച് നല്‍കുകയും ചെയ്തു. ബാക്കി തുക നല്‍കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ റിമാന്‍ഡ് ചെയ്തു.