വാടക ബാങ്ക് അക്കൗണ്ടുകൾ, അഥവാ മ്യൂൾ അക്കൗണ്ടുകൾ, വഴിയുള്ള തട്ടിപ്പുകൾ കേരളത്തിലും വ്യാപകമാകുന്നതായി മുന്നറിയിപ്പ്. പതിനെട്ട് മുതൽ ഇരുപത്തിയഞ്ച് വയസുവരെയുള്ളവർ, പ്രത്യേകിച്ച് വിദ്യാർത്ഥികളാണ് ഇരകളെന്ന് കണക്കുകൾ.
തട്ടിപ്പുകാർ ഇരകളുടെ കെവൈസി രേഖകളും ഫോട്ടോയും ഉപയോഗിച്ച് അക്കൗണ്ടുകൾ തുടങ്ങും. എന്നാൽ രജിസ്‌ട്രേഷൻക്ക് നൽകുന്ന മൊബൈൽ നമ്പർ തട്ടിപ്പുകാരുടേതായിരിക്കും. ഇതിലൂടെ അക്കൗണ്ട് ആരംഭിച്ചാലും നിയന്ത്രണം മുഴുവൻ തട്ടിപ്പുകാർക്ക് കൈവശമാകും. മൊബൈൽ, ഇന്റർനെറ്റ് ബാങ്കിങ് ഇടപാടുകൾ എല്ലാം അവരുടെ നമ്പറിൽ രജിസ്റ്റർ ചെയ്ത് നടത്താനാകും. ബാങ്ക് ജീവനക്കാരിൽ സംശയം ജനിക്കാതിരിക്കാനായി അക്കൗണ്ട് തുടങ്ങാൻ ഇരകളായ യുവാക്കളെ തന്നെയാണ് ബാങ്കിലേക്ക് അയക്കുന്നത്. അക്കൗണ്ട് തുറക്കുന്ന സമയത്ത് മുഖം പതിയാതിരിക്കാനാണ് തട്ടിപ്പുകാർ നേരിട്ട് ബാങ്കിൽ പോകാതെ മറ്റുള്ളവരുടെ മുഖം ഉപയോഗിക്കുന്നത്.
പ്രതിഫലമായി ചെറിയ തുകകൾ നൽകിയാണ് യുവാക്കളെ വലയിലാക്കുന്നത്. “വലിയ നഷ്ടമൊന്നും ഉണ്ടാകില്ല, കുറച്ച് ദിവസത്തിനുള്ള അക്കൗണ്ട് മാത്രം വേണം” പോലുള്ള മോഹിപ്പിക്കുന്ന വാഗ്ദാനങ്ങളാണ് അവർ മുന്നോട്ട് വയ്ക്കുന്നത്. എന്നാൽ ഇത്തരം അക്കൗണ്ടുകൾ പലപ്പോഴും കള്ളപ്പണം വെളുപ്പിക്കൽ, സൈബർ തട്ടിപ്പ് എന്നിവയ്ക്കാണ് ഉപയോഗിക്കപ്പെടുന്നത്. അക്കൗണ്ടിലൂടെ നടക്കുന്ന സാമ്പത്തിക ഇടപാടുകളുടെ ഉത്തരവാദിത്വം രേഖകളിലുള്ള അക്കൗണ്ട് ഉടമയ്ക്കായിരിക്കും. അതിനാൽ തന്നെ, ഇത്തരം വാടക അക്കൗണ്ടുകൾ വഴി നടന്ന കുറ്റകൃത്യങ്ങൾക്ക് ജയിൽശിക്ഷ, സ്ഥിരമായ ക്രിമിനൽ റെക്കോർഡ്, ബാങ്ക് കരിമ്പട്ടിക എന്നിവ നേരിടേണ്ടിവരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
സുരക്ഷാ നിർദേശങ്ങൾ
ബാങ്കിൽ നൽകിയിരിക്കുന്ന മൊബൈൽ നമ്പർ എല്ലായ്പ്പോഴും സ്വന്തമാണെന്ന് ഉറപ്പാക്കുക.
പരിചയമില്ലാത്തവർക്കു രേഖകൾ കൈമാറരുത്.
വിദ്യാർത്ഥികളുടെ കൈവശം പതിവിലുമധികം പണം കിട്ടുന്നത് കണ്ടാൽ രക്ഷിതാക്കളും അധ്യാപകരും ശ്രദ്ധിക്കണം.
ഉറവിടം വ്യക്തമല്ലാത്ത ചെലവഴിക്കലുകൾക്കു പിന്നിൽ ഇത്തരം മ്യൂൾ അക്കൗണ്ട് ഇടപാടുകൾ ഉണ്ടാകാം.
Tag: Frauds through mule accounts are increasing; the main victims are the youth