എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സൗജന്യ ഭക്ഷ്യക്കിറ്റുകൾ

തിരുവനന്തപുരം; നൂറു ദിന കർമ പരിപാടിയിൽ പ്രഖ്യാപിച്ച ഓരോ കാര്യവും സർക്കാർ നടപ്പാക്കിവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളെ സഹായിക്കാൻ സെപ്തംബർ മുതൽ ഡിസംബർ വരെ നാലുമാസം മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും ഭക്ഷ്യക്കിറ്റുകൾ സൗജന്യമായി വിതരണം ചെയ്യും. കിറ്റ് വിതരണത്തിന് വ്യാഴാഴ്ച തുടക്കം കുറിച്ചിട്ടുണ്ട്. 88.42 ലക്ഷം കുടുംബങ്ങൾക്കാണ് ഇതിന്റെ ആശ്വാസം ലഭിക്കുക. കൊവിഡ് പ്രതിസന്ധി കാലത്ത് ഒരാളും പട്ടിണി കിടക്കരുതെന്ന ഉറച്ച തീരുമാനം സർക്കാർ എടുത്തിട്ടുണ്ടെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. അതിന്റെ ഭാഗമായി നേരത്തെ എടുത്ത നടപടികളുണ്ട്. അതിന്റെ തുടർച്ചയായാണ് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യുന്നത്.
കൊവിഡിന്റെ ആദ്യ ഘട്ടത്തിലും ഓണക്കാലത്തും ഇതുപോലെ സൗജന്യമായി ഭക്ഷ്യക്കിറ്റ് വിതരണം നടത്തിയിരുന്നു. ലോക്ക് ഡൗൺ കാലത്ത് ഭക്ഷ്യക്ഷാമം ഉണ്ടാകാതിരിക്കാനും ഓണം എല്ലാവർക്കും ആഘോഷിക്കാനും ലക്ഷ്യമിട്ടാണ് അന്ന് 88 ലക്ഷത്തോളം റേഷൻ കാർഡ് ഉടമകൾക്കും 26 ലക്ഷം വിദ്യാർഥികൾക്കും ഒരു ലക്ഷത്തോളം മത്സ്യത്തൊഴിലാളികൾക്കും ഒന്നര ലക്ഷത്തോളം പട്ടികവർഗ കുടുംബങ്ങൾക്കും സൗജന്യ ഭക്ഷ്യക്കിറ്റ് നൽകിയത്. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലാണ് എല്ലാ കുടുംബങ്ങൾക്കും നാലു മാസത്തേക്കു കൂടി കിറ്റ് വിതരണം ചെയ്യുന്നത്.
കടല, പഞ്ചസാര, ആട്ട, വെളിച്ചെണ്ണ എന്നിവ ഉൾപ്പെടെ എട്ടിനം അവശ്യവസ്തുക്കൾ ഉൾപ്പെടുന്നതാണ് സപ്ലൈകോ തയാറാക്കുന്ന ഈ ഭക്ഷ്യക്കിറ്റ്. ഇതിനൊപ്പം അരിയും മറ്റു നിത്യോപയോഗ സാധനങ്ങളും കുറഞ്ഞ വിലയിൽ സപ്ലൈകോ, കൺസ്യുമർ ഫെഡ്, ഹോർട്ടികോർപ്പ് എന്നീ സ്ഥാപനങ്ങൾ വിതരണം ചെയ്യുന്നുണ്ട്.