അപകടത്തിന് വഴിയൊരുക്കുന്നു,സംസ്ഥാനത്തെ റോഡുകളിലെ പരസ്യ ബോര്‍ഡുകള്‍ നീക്കാന്‍ ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ ഹൈവേകളിലും നടപ്പാതകളിലും പൊതുനിരത്തുകളിലും സ്ഥാപിച്ചിട്ടുള്ള പരസ്യബോര്‍ഡുകള്‍, ഹോര്‍ഡിംഗുകള്‍, പ്ലക്കാര്‍ഡുകള്‍, അനധികൃത ആര്‍ച്ചുകള്‍, ബാനറുകള്‍ തുടങ്ങിയവ ഉടന്‍ തന്നെ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. തദ്ദേശ ഭരണ സ്ഥാപനങ്ങളും ദേശീയപാതാ അഥോറിറ്റിയും ഇതിനായി നടപടി സ്വീകരിക്കുമ്പോള്‍ പോലീസ് സുരക്ഷ ഉറപ്പാക്കണമെന്നും ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു. ബന്ധപ്പെട്ട സര്‍ക്കാര്‍ സെക്രട്ടറിമാര്‍ സ്വീകരിച്ച നടപടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച ഹൈക്കോടതി ഹര്‍ജികള്‍ 3 മാസത്തിനുശേഷം പരിഗണിക്കും.
ചാലക്കുടി സ്വദേശി ഡോ.ജോണി കുളങ്ങര, ആലുവ സ്വദേശി ഖാലിദ് മുണ്ടപ്പള്ളി, നോര്‍ത്ത് പറവൂര്‍ സ്വദേശി അംജദ് അലി, കൊച്ചി സ്വദേശി സിറില്‍ റോയ് എന്നിവര്‍ നല്‍കിയ ഹര്‍ജികളാണു ഹൈക്കോടതി പരിഗണിച്ചത്. റോഡ് സുരക്ഷ അപകടത്തിലാക്കുന്ന അനധികൃത ഹോര്‍ഡിങ്ങുകളും മറ്റും നീക്കം ചെയ്യാന്‍ ഹൈവേ അതോറിറ്റിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്നും കോടതി നിര്‍ദേശത്തിലുണ്ട്. രാത്രികാലങ്ങളില്‍ ഇവ സ്ഥാപിക്കുന്നതു തടയാന്‍ ജാഗ്രത പാലിക്കാന്‍ നൈറ്റ് പട്രോളിങ് നടത്തുന്നവര്‍ക്കു പൊലീസ് കമ്മിഷണര്‍ നിര്‍ദേശം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.
ജില്ലാ കലക്ടര്‍മാരും ബന്ധപ്പെട്ട വകുപ്പുകളുടെ സെക്രട്ടറിമാരും നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിനു മേല്‍നോട്ടം വഹിക്കണം, വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം. വൈദ്യുത പോസ്റ്റുകളിലും മരങ്ങളിലുമുള്ള വയറുകളും കേബിള്‍ കുരുക്കുകളും നീക്കാന്‍ കലക്ടര്‍മാര്‍ നടപടിയെടുക്കണം. മരങ്ങളില്‍ നിന്ന് പരസ്യങ്ങള്‍ മാറ്റി ആണികള്‍ നീക്കം ചെയ്യാന്‍ ഫീല്‍ഡ് ഓഫിസര്‍മാര്‍ക്കു നിര്‍ദേശം നല്‍കണം – ഹൈക്കോടതി നിര്‍ദേശിച്ചു.