ദൈവമേ അവരുടെ കാലു കാണുന്നു; ആര്‍എസ്എസിനെ ട്രോളി പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: ജീന്‍സുമായി ബന്ധപ്പെട്ട ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീര്‍ഥ് സിങ് റാവത്തിന്‍റെ പ്രസ്താവനക്ക് മറുപടിയുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി എന്നിവര്‍ ആര്‍.എസ്.എസ് ശാഖയില്‍ നില്‍ക്കുന്നതിന്‍റെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് അവരുടെ മറുപടി. ദൈവമേ അവരുടെ കാലു കാണുന്നുവെന്ന് ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.
ഗഡ്കരിക്കും മോദിക്കുമൊപ്പം ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിന്‍റെ ചിത്രം കൂടി പ്രിയങ്ക ഗാന്ധി പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ജീന്‍സുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ പ്രസ്താവന പുറത്ത് വന്നത്.
ബാലാവകാശ കമ്മീഷന്‍ പരിപാടിയുടെ യാത്രക്കിടെ വിമാനത്തില്‍ രണ്ട് സ്ത്രീകള്‍ കീറിയ ജീന്‍സ് ധരിച്ച് ഒരു കുട്ടിയുമായി എത്തി. കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒയുടെ അംഗങ്ങളാണ് അവരെന്നാണ് പറഞ്ഞത്. ഇത്തരക്കാര്‍ സമൂഹത്തിന് എന്ത് സന്ദേശമാണ് നല്‍കുന്നത്. കത്രിക ഉപയോഗിച്ച് ജീന്‍സിനെ അല്ല സംസ്കാരത്തെയാണ് ഇവര്‍ മുറിച്ചു മാറ്റുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിവാദ പ്രസ്താവന.