ഒരു വെള്ളവും ഇനി ഉപയോഗ ശൂന്യമല്ല; പരിശ്രമത്തിൽ വിരിയിച്ച അത്ഭുതവുമായി റിച്ചാർഡ്.

ചിലവേറിയ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റുകളുടെ ലോകത്ത് ചെലവ് കുറഞ്ഞ ട്രീറ്റ്‌മെന്റ് പ്ലാന്റുമായി എറണാകുളം സ്വദേശി റിച്ചാർഡിന്റെ അത്ഭുതം എന്ന് പറയാവുന്ന കണ്ടുപിടുത്തം.കനാലുകളിലെയും ഇറച്ചിമാർക്കറ്റുകളിലെയും വമ്പൻ ഫാക്ടറികളിലെയും അഴുക്കുവെള്ളം ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഇനി പഴങ്കഥ. ഒരു വെള്ളവും ഉപയോഗശൂന്യമല്ലെന്നാണ് എറണാകുളം സ്വദേശി റിച്ചാർഡ് പറയുന്നത്.

ഏതുതരം വെള്ളവും നിമിഷ നേരം കൊണ്ട് കുടിക്കാനുൾപ്പടെ പറ്റുന്ന രീതിയിലേക്ക് ശുദ്ധീകരിക്കുന്ന സാങ്കേതിക വിദ്യയാണ് റിച്ചാർഡ് കണ്ടെത്തിയത്. വെള്ളം പുനരുപയോഗ സാധ്യമാക്കുന്ന രീതികൾ നിലവിൽ ഉണ്ടെങ്കിലും ഭീമമായ ചിലവാണ് പലരെയും ഇതിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. എന്നാൽ ഭീമമായ അ ചിലവിന് കൂടി പരിഹാരമാകുന്ന മെഷീനാണ് തൻ്റെ മൂന്ന് വർഷത്തെ പരിശ്രമത്തിലൂടെ റിച്ചാർഡ് വികസിപ്പിച്ചെടുത്തത്. ഇബാദ് റഹ്മാൻ എന്ന ബ്ലോഗർ ആണ് ഫേസ്ബുക്ക് പേജിലൂടെ റിച്ചാഡിൻ്റെ പരീക്ഷണ വിജയം പങ്കുവെച്ചിരിക്കുന്നത്.

അഴുക്കുവെള്ളത്തിൻ്റെ നിറം മാത്രമല്ല രുചിയും മണവും വരെ ശുദ്ധമാക്കാൻ പറ്റുന്നു എന്നതാണ് റിച്ചാഡിൻ്റെ മെഷീൻ്റെ ഏറ്റവും വലിയ സവിശേഷത. കാനാൽ, മത്സ്യ മാർക്കറ്റ്, റോഡിലെ കുഴി, പൂഴിമണൽ, ഫാക്ടറി എന്നിവിടങ്ങളിൽ നിന്ന് ശേഖരിച്ച വെള്ളമാണ് പരീക്ഷണത്തിനായി റിച്ചാർഡ് ഉപയോഗിച്ചത്. പ്ലാസ്റ്റിക്ക് കാനിൽ ശേഖരിച്ച വെള്ളം രണ്ടു ദിവസത്തോളം ഫാക്ടറിയിൽ സൂക്ഷിച്ച ശേഷമാണ് പരീക്ഷണത്തിനായി തിരഞ്ഞെടുത്തത്. വെള്ളം കൂടതൽ മലിനമാക്കുക എന്ന ഉദ്ദേശത്തോടെയാണ് കാനിൽ രണ്ടു ദിവസം സുക്ഷിച്ചത്. ഈ വെള്ളത്തെ മെഷീനിലേക്ക് ഒഴിച്ച ശേഷം എയ്റേഷൻ പ്രോസസിലൂടെയാണ് ശുദ്ധീകരണ പ്രക്രിയ തുടങ്ങുന്നത്. വെള്ളത്തിൻ്റെ ദുർഗന്ധത്തെ നീക്കി അഴുക്കിനെ വേർതിരിച്ചെടുക്കുന്നതാണ് ഈ പ്രകൃയ. മെഷീനിലെ വെള്ളത്തിൻ്റെ അളവും പ്രക്രിയകളും കാണുന്നതിനായി ചെറിയ ഗ്ലാസ് വിൻഡോയും മെഷീനിലുണ്ട്. എയ്റേഷൻ പ്രകൃയക്ക് ശേഷം പലവിധ പ്രക്രിയകളിലൂടെയാണ് വെള്ളം ശുദ്ധീകരിച്ച് പുറത്തേക്ക് വരുന്നത്. കുടിക്കാനുപയോഗക്കുന്നതിനായി പ്രത്യേക പൈപ്പും റിച്ചാർഡ് തൻ്റെ മെഷിനീൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കുടിക്കാൻ ഉപയോഗിക്കാമെങ്കിലും ഇപ്പോൾ കുടിവെള്ളമായി ഉപയോഗിക്കേണ്ട എന്നാണ് റിച്ചാർഡിൻ്റെ പക്ഷം. മറ്റുള്ള എന്താവശ്യത്തിനും ഈ വെള്ളം ഉപയോഗിക്കാമെന്ന് റിച്ചാർഡ് പറയുന്നു. ഇത്തരത്തിൽ ശുദ്ധീകരിക്കുന്ന വെള്ളത്തിൻ്റെ പി എച്ച് മൂല്യം 7.3 യും ടി ഡി എസ് മൂല്യം 320 യുമാണെന്ന് പരിസ്ഥിതി ഗവേഷക അനു സാക്ഷ്യപ്പെടുത്തുന്നുണ്ട്.
നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ ഒരു മെഷീൻ മാത്രമാണ് തയ്യാറാക്കിയതെന്നും മൂന്ന് മാസത്തിനുള്ളിൽ വാണീജ്യാടിസ്ഥാനത്തിൽ മെഷീൻ വികസിപ്പിക്കാൻ കഴിയുമെന്നാണ് റിച്ചാർഡ് പറയുന്നത്. ജീവിതത്തിനും പരിസ്ഥിതിക്കും വരെ വലിയ തോതിൽ ഭീഷണിയാവുന്ന ഒരു വലിയ പ്രശ്നത്തിനാണ് ഈ യുവ ഗവേഷകൻ പരിഹാരം കണ്ടെത്തിയിരിക്കുന്നത്. വാണിജ്യാടിസ്ഥാനത്തിൽ മെഷീൻ നിർമ്മിക്കാൻ കഴിഞ്ഞാൽ ലോകത്ത് തന്നെ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റുകളുടെ കാര്യത്തിൽ നാഴികക്കല്ലാവും ഈ കണ്ടുപിടിത്തം.
റിച്ചാർഡിന്റെ അത്ഭുതകരമായ കണ്ടു പിടുത്തം ഇബാദ് റഹ്മാൻ എന്ന ബ്ലോഗർ ഫേസ് ബുക്കിൽ പങ്ക് വെച്ചിരിക്കുന്ന വീഡിയോ കാണൂ.