
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് ബാധിതർ എഴുപത് ലക്ഷത്തിലേക്കടുക്കുന്നു. കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ മാത്രം 73,272 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 69,79,424 ആയി ഉയർന്നിരിക്കുകയാണ്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിൻറെ ഇതുവരെയുള്ള കണക്കുകൾ അനുസരിച്ച് ഇതിൽ 59,88,823 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 8,83,185 സജീവ കേസുകളാണ് നിലവിലുള്ളത്.
മുൻദിനങ്ങളെ അപേക്ഷിച്ച് കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നതും രോഗമുക്തി നിരക്ക് വർധിക്കുന്നതും രാജ്യത്ത് ആശ്വാസം പകരുന്നുണ്ട്. കോവിഡ് രൂക്ഷമായ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്ബോൾ മരണനിരക്കും രാജ്യത്ത് കുറവാണ്. കഴിഞ്ഞ ഒരുദിവസത്തിനിടെ 926 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതുവരെ 1,07,416 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.