രണ്ടില ജോസ് കെ മാണി വിഭാഗത്തിന് നല്‍കിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിധിക്ക് ഹൈക്കോടതിയുടെ സ്‌റ്റേ

കേരള കോണ്‍ഗ്രസ് എമ്മിന്റെ തെരഞ്ഞെടുപ്പു ചിഹ്നമായ രണ്ടില ജോസ് കെ മാണി വിഭാഗത്തിന് നല്‍കിയ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്റെ വിധി ഹൈക്കോടതിയുടെ സ്‌റ്റേ ചെയ്തു. ജോസ് കെ മാണി വിഭാഗത്തിന് അനുകൂലമായുളള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിനെതിരെ പി.ജെ ജോസഫ് വിഭാഗം നല്‍കിയ ഹര്‍ജിയിന്മേലാണ് ഹൈക്കോടതിയുടെ നടപടി. ഒരു മാസത്തേയ്ക്കാണ് സ്റ്റേ.
രണ്ടില ചിഹ്നത്തിന്റെ പേരിൽ കേരള കോണ്‍ഗ്രസ്ജോസ്, ജോസഫ് വിഭാഗങ്ങള്‍ തമ്മിലുള്ള നിയമ പോരാട്ടം ഇതോടെ പുതിയ തലത്തിലേയ്ക്ക് എത്തുകയാണ്. വസ്തുതകള്‍ പരിശോധിക്കാതെയാണ് തെരഞ്ഞെടുപ്പു കമ്മിഷന്‍ രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ചതെന്ന് ചൂണ്ടിക്കാണിച്ചാണ് പി.ജെ.ജോസഫ് കോടതിയെ സമീപിച്ചത്. പാര്‍ട്ടി ഭരണഘടനയനുസരിച്ചു തിരഞ്ഞെടുക്കപ്പെട്ട വര്‍ക്കിങ് ചെയര്‍മാന്‍ താനാണ്. ചെയര്‍മാനായി തിരഞ്ഞെടുത്തതായി ജോസ് കെ.മാണി അവകാശപ്പെടുന്നതു ശരിയല്ല. ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നതില്‍ നിന്നും കോടതി ജോസ് കെ.മാണിയെ വിലക്കിയിട്ടുണ്ട്. അതിനാല്‍ കമ്മീഷന്‍ ഉത്തരവ് റദ്ദാക്കണം എന്നാണ് ജോസഫ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഒക്ടോബര്‍ ഒന്നിന് കോടതി കേസ് പരിഗണിയ്ക്കും.