ഇന്ധന വില്‍പന അതിര്‍ത്തി കടക്കുന്നു; പിടിവാശിയില്‍ നഷ്ടമാകുക കോടികള്‍
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ ഇന്ധനവില കുറച്ചപ്പോള്‍ കേരളം കുറയ്ക്കില്ലെന്ന നിലപാടെടുത്തത് വന്‍ തിരിച്ചടിയാകുന്നു. സംസ്ഥാനത്തെ പെട്രോള്‍ പമ്പുകളില്‍ നിത്യേനയെന്നോണം കച്ചവടം കുറഞ്ഞുവരികയാണ്. കേരളം മൂല്യവര്‍ധിത നികുതി (വാറ്റ്) കുറയ്ക്കാത്ത സാഹചര്യത്തില്‍ ഇതരസംസ്ഥാനത്തെ വണ്ടികള്‍ കേരളത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളെ ആശ്രയിക്കുകയാണ്.
അതിനാല്‍ ഖജനാവിലേക്കെത്തേണ്ട നികുതിയിനത്തില്‍ വന്‍ നഷ്ടമാണ് സംസ്ഥാനത്തിന് ഉണ്ടാവുക. കേരളത്തില്‍ വില്‍ക്കുന്ന ഡീസലില്‍ 45 ശതമാനം ഇന്ധനവും വാങ്ങുന്നത് മറ്റു സംസ്ഥാനങ്ങളിലെ വണ്ടികളാണ്. തിരുവനന്തപുരത്ത് തമിഴ്‌നാട് അതിര്‍ത്തിയായ പാറശാലയില്‍ പെട്രോള്‍ ദിവസവില്‍പന ശരാശരി 1200 ലിറ്ററായിരുന്നത് 700 ലിറ്ററായി. വിലവ്യത്യാസം കുറവായതിനാല്‍ ഡീസല്‍വില്‍പ്പനയില്‍ പ്രകടമായ മാറ്റമില്ല.
ഇവിടെ തമിഴ്നാട് ഭാഗത്ത് പടന്താലുംമൂടില്‍ പെട്രോള്‍ ശരാശരി ദിവസവില്‍പന 1200-1300 ലിറ്ററായിരുന്നത് ഇപ്പോള്‍ 1800 ആയി. കേരളത്തില്‍ ദിവസം ശരാശരി 1.2 കോടി ലിറ്റര്‍ ഇന്ധനം വില്‍ക്കുന്നുണ്ട്. 60 ശതമാനത്തോളം ഡീസലും 40 ശതമാനത്തോളം പെട്രോളും. പെട്രോള്‍ ഇനത്തില്‍ ദിവസം 47 കോടി രൂപയുടെയും ഡീസല്‍ ഇനത്തില്‍ 63 കോടി രൂപയുടെയും വ്യാപാരമാണ് നടക്കുന്നത്. മാഹിയിലെ വിലക്കുറവ് കാരണം വടകര, ടൗണിലെയും പരിസരങ്ങളിലെയും പമ്പുകളില്‍ 10 മുതല്‍ 50 വരെ ശതമാനം വ്യാപാരം കുറഞ്ഞു. ദിവസം 6000 ലിറ്റര്‍ പെട്രോള്‍ വിറ്റിരുന്നത് 3500 ആയി കുറഞ്ഞിരിക്കുകയാണ് ഒരു പമ്പില്‍. ഡീസല്‍ 5000 ലിറ്റര്‍ വിറ്റ സ്ഥാനത്ത് ഇപ്പോള്‍ 2500 ലിറ്റര്‍.
ദേശീയപാത വഴി പോകുന്ന വാഹനങ്ങള്‍ വളരെ കുറച്ചുമാത്രം ഇന്ധനമടിക്കും. ടാങ്ക് ഫുള്ളാക്കുന്നത് മാഹിയിലെ പമ്പുകളില്‍നിന്ന്. മാഹിയില്‍ ദിവസം ഏകദേശം 110 കിലോ ലിറ്റര്‍ പെട്രോളും 215 കിലോലിറ്റര്‍ ഡീസലും വിറ്റിരുന്നു. അതില്‍ 60-70 ശതമാനം വര്‍ധനയുണ്ടായി. തലശ്ശേരി, കൂത്തുപറമ്പ് മേഖലകളിലെ പന്ത്രണ്ടോളം പമ്പുകളെ സാരമായി ബാധിച്ചു. ഈ പമ്പുകളില്‍ ദിവസം 2000-2500 ലിറ്റര്‍ എണ്ണവില്‍പന കുറഞ്ഞു. കണ്ണൂര്‍ ജില്ലയില്‍ ആകെ ദിവസം 25,000-30,000 ലിറ്ററിന്റെ കുറവുണ്ട്.
വയനാട് തോല്‍പ്പെട്ടിയില്‍ ഡീസല്‍ വില്‍പ്പന മുമ്പുണ്ടായിരുന്നതിനെ ക്കാള്‍ 1000 ലിറ്ററും പെട്രോള്‍ 500 ലിറ്ററും കുറഞ്ഞു. 50 ശതമാനത്തിന്റെ കുറവ്. കര്‍ണാടകത്തിലെ കുട്ടയില്‍ മാത്രം ഡീസല്‍ വില്‍പ്പനയില്‍ 10 ശതമാനത്തിന്റെ വര്‍ധനയാണിപ്പോള്‍. 300 ലിറ്റര്‍ ഡീസല്‍ അധികവില്‍പ്പന. എന്നാല്‍ ഇവിടെ പമ്പിലെത്തുന്ന വാഹനങ്ങളുടെ എണ്ണത്തില്‍ മാറ്റമില്ല. വാഹനങ്ങള്‍ കൂടുതല്‍ എത്തുന്ന മൂലങ്കാവില്‍ ഡീസല്‍ വില്‍പന 1200 മുതല്‍ 1300 വരെ ലിറ്റര്‍ കുറഞ്ഞു. 50 ശതമാനത്തിന്റെ കുറവ്. ഗുണ്ടല്‍പേട്ടില്‍ ഡീസല്‍ വില്‍പന 30 ശതമാനം കൂടി, പെട്രോള്‍ 10 ശതമാനവും.
കാസര്‍ഗോഡ് തലപ്പാടി, പെര്‍ള, മുള്ളേരിയ, അഡൂര്‍, ബന്തടുക്ക എന്നിവിടങ്ങളിലായി സംസ്ഥാന അതിര്‍ത്തിയോടുചേര്‍ന്ന് ഒമ്പത് പെട്രോള്‍ പമ്പുകളില്‍ വ്യാപാരം മൂന്നിലൊന്നായി. തലപ്പാടിയില്‍ കേരള അതിര്‍ത്തിയിലെ ഭാരത് പെട്രോളിയം പമ്പിലെ വില്‍പനയില്‍ പെട്രോള്‍ 2000 ലിറ്ററും ഡീസല്‍ 2500 ലിറ്ററും കുറഞ്ഞു. തലപ്പാടിയില്‍ കര്‍ണാടകത്തിന്റെ ആദ്യ പെട്രോള്‍ പമ്പായ ഐഒസി പമ്പില്‍ പെട്രോള്‍ വില്‍പന 2300 ലിറ്റര്‍ കൂടി. ഡീസല്‍ 6000 ലിറ്ററും. പാലക്കാട് അതിര്‍ത്തിയില്‍ തമിഴ്‌നാട്ടിലെ ഗോപാലപുരത്ത് 3000 ലിറ്റര്‍ പെട്രോള്‍ വിറ്റിരുന്നത് ഇപ്പോള്‍ 4500 ലിറ്ററായി. ഡീസല്‍ 4000 ലിറ്റര്‍ വിറ്റിരുന്നത് 5400 ആയി. കേരള ഗോപാലപുരം മൂങ്കില്‍മടയില്‍ പെട്രോള്‍ 2000 ലിറ്റര്‍ വിറ്റിരുന്നിടത്ത് ഇപ്പോള്‍ 1000 ലിറ്റര്‍ വില്‍ക്കുന്നില്ല.
ഡീസല്‍ 3500 ലിറ്റര്‍ വിറ്റിരുന്നത് 1300 ലിറ്റര്‍ പോലുമില്ല. കൊല്ലം തെന്മലയില്‍ പ്രതിദിനം 6000 ലിറ്റര്‍ ഡീസല്‍ വിറ്റിരുന്നിടത്ത് ഇപ്പോള്‍ 3500-4000 ലിറ്റര്‍ മാത്രം. പെട്രോളിന് കൂടുതലും പ്രാദേശിക ആവശ്യക്കാരായതിനാല്‍ വില്‍പനയെ സാരമായി ബാധിച്ചിട്ടില്ല. ഇടുക്കി മറയൂരില്‍ മുന്‍പ് ദിവസവും 2000 ലിറ്റര്‍ വരെ പെട്രോളും 3800 ലിറ്റര്‍വരെ ഡീസലും ചിലവായിരുന്നു. ഇത് ഇപ്പോള്‍ 1200, 2600 എന്ന കണക്കിലായി. തമിഴ്‌നാട്ടിലെ പമ്പുകളെയാണ് ഇപ്പോള്‍ പ്രദേശവാസികള്‍ കൂടുതല്‍ ആശ്രയിക്കുന്നത്. ഇതെല്ലാം കേരളത്തിന്റെ ഖജനാവിന് മുതല്‍ക്കൂട്ടാവേണ്ടതായിരുന്നു. എന്നാല്‍ വികലമായ നിലപാടുകള്‍ മൂലം അനുദിനം വറ്റിക്കൊണ്ടിരിക്കുന്ന ഖജനാവിന് ഇരുട്ടടിയായി മാറുകയാണ്.